ചണ്ഡിഗഢ്: കാർഷിക ബില്ലിനെതിരെയുള്ള കർഷക രോഷം അണെപാട്ടിയതോടെ പഞ്ചാബിൽ 28 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ തടഞ്ഞും ദേശീയ പാത ഉപരോധിച്ചും കർഷകർ സമരവുമായി മുന്നോട്ട് പോവുകയാണ്. എന്നാൽ പുതുക്കിയ ഷെഡ്യൂൾ റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നതിനിടയിലും റെയിൽ പാളങ്ങളിലും ദേശീയ പാതയിലും പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്. ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കും വരെ കാർഷിക ബില്ലിനെതിരായ സമരം ശക്തമാക്കുമെന്ന് കർഷകർ വ്യക്തമാക്കി. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയേയും തങ്ങളോടൊപ്പം വേദി പങ്കിടാൻ അനുവദിക്കില്ലെന്നും കർഷകർ പറഞ്ഞു.
''പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബില്ലുകൾ റദ്ദാക്കും. ഞങ്ങളെ സമരത്തിന് പ്രേരിപ്പിച്ചതിന് അദ്ദേഹം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ്. ഇത് ശരിയല്ല. ഞങ്ങൾ ഓർഡിനൻസ്(ഇപ്പോൾ ബില്ല്) വായിച്ചതാണ്. കോർപറേറ്റുകൾ പ്രധാനമനമന്ത്രിയെ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഞങ്ങൾക്ക് രാജ്യത്താകമാനമുള്ള കർഷകരിൽ നിന്ന് പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ എണ്ണം വളരെ വലുതാണ്. ഇത് ഒരു വലിയ ജനകീയ മുന്നേറ്റമാണ്.'' -കിസാൻ മസ്ദൂർ സംഘർഷ് സമിതി സംസ്ഥാന സെക്രട്ടറി സർവാൻ സിങ് പാന്ദെർ പറഞ്ഞു.
താങ്ങുവില സമ്പ്രദായം നഷ്ടപ്പെടുമെന്നതും സ്വകാര്യ സംഘങ്ങളുടെ കടന്നുവരവുമാണ് കാർഷിക ബില്ലിൽ കർഷകർ ഭയക്കുന്ന പ്രധാന ഘടകങ്ങൾ. ചെറുകിട, ഇടത്തരം കർഷകരെ ബിൽ ദോഷകരമായി ബാധിക്കുെമന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ കർഷകർക്ക് അവരുടെ ഇഷ്ടപ്രകാരമുള്ള വിലക്ക് ഉൽപന്നങ്ങൾ വിൽക്കാമെന്നും അതിനാൽ അവർക്ക് മികച്ച വില നേടുവാൻ ബില്ല് സഹായിക്കുമെന്നുമാണ് കേന്ദ്രസർക്കാറിൻെറ വാദം.