മഴയിൽ വിറങ്ങലിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ; 27 മരണം, നദികൾ കരകവിയുന്നു, മിന്നൽ പ്രളയം
text_fieldsഗുവാഹതി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലായി 27 പേരാണ് മരിച്ചത്. പലയിടത്തും വ്യാപക നാശമുണ്ടായി. നദികൾ കരകവിയുകയാണ്. നൂറുകണക്കിന് കുടുംബങ്ങളെ ദുരാതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഒമ്പത് പേർ മരിച്ചു. ഈസ്റ്റ് കമേഗ ജില്ലയിൽ ദേശീയപാത 13ൽ കാറിന് മുകളിൽ മണ്ണിടിഞ്ഞുവീണ് യാത്രികരായ ഏഴ് പേരാണ് മരിച്ചത്. കാബേജ് ഫാമിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികളും മരിച്ചു.
സിക്കിമിൽ ടീസ്റ്റ നദിയിൽ കാണാതായ ഒമ്പത് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുകയാണ്. 11 സഞ്ചാരികളുണ്ടായിരുന്ന വാഹനം ഒഴുകിപ്പോവുകയായിരുന്നു. പലയിടത്തും മണ്ണിടിച്ചിലുണ്ടായി.
അസമിൽ മഴക്കെടുതികളിൽ കഴിഞ്ഞ ദിവസം എട്ടുപേരാണ് മരിച്ചത്. 17 ജില്ലകളിലെ ആയിരക്കണക്കിനാളുകൾ മഴക്കെടുതിയിലാണ്. റോഡ്, റെയിൽ ഗതാഗതത്തെ വെള്ളക്കെട്ട് ബാധിച്ചു. ത്രിപുരയിൽ ഹൗറ നദി കരവിഞ്ഞൊഴുകുകയാണ്. 1300ത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മേഘാലയയിൽ ആറുപേരും മിസോറാമിൽ അഞ്ചുപേരും നാഗാലാൻഡിൽ ഒരാളും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

