ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് 19 കൂടുതൽ നാശം വിതക്കുന്ന ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 263 ഇന്ത്യൻ വിദ്യാർഥികളാണ് റോമിൽനിന്നും ഡൽഹി വിമാനത്താവളത്തിലെത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇവർക്കായി ഒരുക്കിയിരുന്നു.
ഞായറാഴ്ച രാവിലെ 9.15ഓടെയാണ് വിമാനം ഡൽഹിയിലെത്തിയത്. ഇവരെ 14 ദിവസം നിരീക്ഷിക്കുന്നതിനായി ഐ.ടി.ബി.പി ചൗളയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ തെർമൽ സ്കാനിങ്ങിന് വിധേയമാക്കിയ ശേഷമാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുക.

ശനിയാഴ്ച വൈകുന്നേരമാണ് വിമാനം ഇറ്റലിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിലുള്ളവർക്ക് പ്രേത്യക സുരക്ഷ ഒരുക്കിയിരുന്നു. ഇനിയും ഏകേദശം 500ഓളം പേർ ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. കുടുങ്ങി കിടക്കുന്ന ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാൻ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

കോവിഡ് 19 ഇപ്പോൾ കൂടുതൽ നാശം വിതച്ചുെകാണ്ടിരിക്കുന്നത് ഇറ്റലിയിലാണ്. 700ൽ കൂടുതൽ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ മരിച്ചത്.
