'26/11 -ഭീകരാക്രമണം ആസൂത്രണം ചെയ്തവർ ഇപ്പോഴും സ്വതന്ത്രരായി വിലസുന്നു; 14 വർഷമായി നീതി തേടുകയാണ് ഇരകൾ'
text_fieldsന്യൂയോർക്ക്: തീവ്രവാദ ഇരകൾക്ക് നീതി ലഭിക്കണമെങ്കിൽ ആക്രമണങ്ങളുടെ ആസൂത്രകരുൾപ്പെടെ പിടിയിലാകണമെന്ന് 2008 മുംബൈ ഭീകരാക്രമണത്തിൽ ഭാര്യയെയും രണ്ട് മക്കളെയും നഷ്ടപ്പെട്ട താജ് ഹോട്ടൽ ജനറൽ മാനേജർ കരംഭീർ കാങ്. ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച തീവ്രവാദ ഇരകളുടെ ആഗോള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
'ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കെ 10 തീവ്രവാദികൾ എന്റെ രാജ്യത്തെ, നഗരത്തെ, ഹോട്ടലിനെ ആക്രമിച്ചു. മുംബൈയിലെ താജ് മഹൽ ഹോട്ടൽ. ഞാൻ അവിടുത്തെ ജനറൽ മാനേജരായിരുന്നു. മൂന്ന് ദിനരാത്രങ്ങൾ പിന്നിട്ട ആക്രമണത്തിനിടെ 34 അമൂല്യ ജീവിനുകൾ നഷ്ടപ്പെട്ടു. എന്റെ ഭാര്യക്കും രണ്ട് മക്കൾക്കും അതിൽ നിന്ന് രക്ഷപ്പെടാനായില്ല. എനിക്ക് എല്ലാം നഷ്ടമായി. ഞങ്ങൾക്ക് ധീരരായ നിരവധി സഹപ്രവർത്തകരെ നഷ്ടമായി. ധീരമായ പ്രവർത്തി ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു.
ഹോട്ടലിലേക്ക് അതിക്രമിച്ചു കയറിയ തീവ്രവാദികൾ വിധിക്ക് കീഴടങ്ങി. എന്നാൽ ഈ ആക്രമണം ആസൂത്രണം ചെയ്തവർ, ഇതിന് പണം ചെലവഴിച്ചവർ, ആക്രമണം സംഘടിപ്പിച്ചവർ എല്ലാം ഇപ്പോഴും സ്വതന്ത്രരായി കഴിയുന്നു - അദ്ദേഹം പറഞ്ഞു. ഭീകരാക്രമണ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആഗോള നേതാക്കൻമാരോട് അദ്ദേഹം അഭ്യർഥിച്ചു.
ആക്രമണം കൈകാര്യം ചെയ്ത കമ്പനിക്കും ജീവനക്കാർക്കും ആഗോള പ്രശംസ ലഭിച്ചു. എന്നാൽ ആക്രമണത്തിന്റെ ഇരകൾ നീണ്ട 14 വർഷമായി നീതി തേടുന്നു. അന്താരാഷ്ട്ര സമൂഹത്തോട് ഞാൻ ആവശ്യപ്പെടുന്നു, ദേശവ്യാപകമായി അതിരുകൾക്കതീതമായി നീതിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണം. പൂർണമായി നശിപ്പിക്കപ്പെട്ട ഹോട്ടൽ 21 ദിവസം കൊണ്ട് തുറന്നാണ് തീവ്രവാദത്തിനെതിരായ ഞങ്ങളുടെ പ്രതികരണം അന്ന് രേഖപ്പെടുത്തിയത് - കരംഭീർ പറഞ്ഞു
2008 ലെ മുബൈ ആക്രമണം -26/11 ആക്രമണം എന്നറിയപ്പെടുന്നു. നവംബർ 26ന് തുടങ്ങി. 10 തീവ്രവാദികൾ നാല് ദിവസം മുംബൈ ആകമാനം വിറപ്പിച്ചു. പാകിസ്താനിലെ തീവ്രവാദ സംഘടനയായ ലശ്കറെ ത്വയിബയായിരുന്നു ആക്രമണത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

