പുനെ ഇന്‍ഫോസിസ് ഓഫിസില്‍ കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി
text_fieldsപുനെ: മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഇന്‍ഫോസിസ് പുനെ ഓഫിസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര ഒഴാംപൊയിൽ രാജുവിന്‍റെ മകൾ കെ. രസീല രാജു (25) ആണ് മരിച്ചത്. സംഭവത്തിൽ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
26കാരനും അസം സ്വദേശിയുമായ ബാബൻ സക്യയാണ് അറസ്റ്റിലായത്. അസമിലേക്ക് ട്രെയിൻ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബാബൻ സക്യ കുടുങ്ങിയത്. സ്ഥലത്തെ സുരക്ഷാ കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്‍റ് കമീഷണർ വൈശാലി ജാദവ് അറിയിച്ചു.
പുനെ ഹിങ്ഗേവാദിയിലെ രാജീവ് ഗാന്ധി ഇൻഫോടെക് പാർക്കിലാണ് സംഭവം. കമ്പ്യൂട്ടറിന്‍റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് കൊലപാതകം നടന്നതെങ്കിലും എട്ടു മണിക്കാണ് വിവരം പൊലീസിനെ അറിയിച്ചത്. വൈകീട്ട് അഞ്ചിനും ആറരക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ഇന്‍ഫോസിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഒമ്പതാംനിലയില്‍ യുവതി ജോലി ചെയ്യുന്ന മുറിയുടെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫിസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ഒാഫിസിലെത്തിയ രസീലക്ക് രാത്രി 11 മണിക്ക് ഡ്യൂട്ടി പൂർത്തിയാവുക.
ആറു മാസം മുമ്പാണ് ഇൻഫോസിസിന്‍റെ ബംഗളൂരു കാമ്പസിൽ നിന്ന് രസീല പുനെ കാമ്പസിലെത്തിയത്. ബംഗളൂരു ഒാഫിസിലെ സഹപ്രവർത്തകരുമായി ഒാൺലൈൻ വഴി ബന്ധപ്പെട്ടായിരുന്നു രസീല പ്രൊജക്റ്റ് ചെയ്തിരുന്നത്. വൈകീട്ട് അഞ്ചു മണിയോടെ രസീലയുമായി ബന്ധം നഷ്ടമായതോടെയാണ് സഹപ്രവർത്തകർ വിവരം പുനെ കാമ്പസിലെ അധികൃതരെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആണ് രാജു. മരണ വിവരമറിഞ്ഞ രാജുവും ബന്ധുവും പുനെയിലേക്ക് തിരിച്ചിട്ടുണ്ട്. രസീലക്ക് ഒരു സഹോദരനുണ്ട്.
രസീലയുടെ മരണത്തിൽ ഇൻഫോസിസ് അനുശോചിച്ചു. രസീലയുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു. കേസ് അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് അധികൃതർ ട്വീറ്റ് ചെയ്തു.
(1/2) We are deeply saddened & shocked by the tragedy at Pune DC. Our hearts go out to our colleague’s family in this time of grief.
— Infosys (@Infosys) January 30, 2017
(2/2) We are working with the authorities to provide all necessary support.
— Infosys (@Infosys) January 30, 2017
പുനെയിൽ വനിതാ സോഫ്റ്റ് വെയർ എൻജിനീയർ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ഡിസംബറിൽ പുനെക്ക് സമീപം കാഗ്മിനിയിൽ 23കാരിയായ അനിത ദാസ് കുത്തേറ്റ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
