Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിൽ ഉമർ അബ്ദുല്ലക്കെതിരെ പാർട്ടിയിൽ പടയൊരുക്കം; 24 എം.എൽ.എമാർക്ക് വിമതസ്വരം

text_fields
bookmark_border
ജമ്മു കശ്മീരിൽ ഉമർ അബ്ദുല്ലക്കെതിരെ പാർട്ടിയിൽ പടയൊരുക്കം; 24 എം.എൽ.എമാർക്ക് വിമതസ്വരം
cancel

ശ്രീനഗർ: 'ഭൂമിയിലെ പറുദീസ'യായ കശ്മീരിൽ അന്തരീക്ഷം കലങ്ങിമറിയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മന്ത്രിസഭ വിപുലീകരിച്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വൻ വിമതനീക്കം ആരംഭിച്ചു. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിലെ (എൻ.സി) 24 എം.എൽ.എമാർ മന്ത്രിസഭാ വിപുലീകരണത്തിൽ വെള്ളിയാഴ്ച രഹസ്യ യോഗം ചേർന്നതായാണ് റിപ്പോർട്ട്. യോഗശേഷം തങ്ങളുടെ അസംതൃപ്തിയും ആവശ്യങ്ങളുടെ പട്ടികയും ഒരന്ത്യശാസനവും മുഖ്യമന്ത്രിക്കു മുന്നിൽ സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെയും ചില മന്ത്രിമാരെയും നീക്കം ചെയ്യണമെന്നതാണ് വിമത എം.എൽ.എമാരുടെ പ്രധാന ആവശ്യം. ഭരണകക്ഷിയിലെ 18 എം.എൽ.എമാർ വെള്ളിയാഴ്ച വൈകുന്നേരം ശ്രീനഗറിൽ യോഗം ചേരുകയും നാഷണൽ കോൺഫറൻസിനുള്ളിൽ "പരിഷ്കാരങ്ങൾക്കായി" പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും മന്ത്രിസഭാ പുനഃസംഘടനയിൽ സുതാര്യത വേണമെന്നുമാണ് ഇവരുടെ ആവശ്യം.

വീഡിയോ കോൺഫറൻസ് വഴി മറ്റ് ആറ് എം.എൽ.എമാർ കൂടി യോഗത്തിൽ പങ്കുചേരുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി വിവരമുണ്ട്. കശ്മീർ താഴ്‌വരയിൽ നിന്നും ജമ്മു മേഖലയിൽ നിന്നുമുള്ള ജനപ്രതിനിധികൾ വിമത ഗ്രൂപ്പിൽ ഉണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ വാനിയെ പുറത്താക്കണമെന്നാണ് എം.എൽ.എമാരുടെ ആവശ്യമെന്നാണ് വിവരം.

എം.എൽ.എ ഖൈസർ ജംഷീദ് ലോണിന്റെ വസതിയിലാണ് യോഗം നടന്നത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന നാസിർ അസ്‌ലം വാനിയെ നീക്കം ചെയ്യണമെന്നും ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി ഉൾപ്പെടെയുള്ള ചില മന്ത്രിമാരെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തിൽ എം.എൽ.എമാർ ഒപ്പുവെച്ചതായാണ് വിവരം.

"പാർട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യത്തിനായി പോരാടുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെയും ചില മന്ത്രിമാരെയും നീക്കം ചെയ്യണമെന്നും, പാർട്ടിയുടെ പ്രകടനപത്രിക നടപ്പിലാക്കുന്നതിനുള്ള റോഡ്‌മാപ്പ് തയ്യാറാക്കണമെന്നും, എം.എൽ.എമാരെ ശാക്തീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു," യോഗത്തിൽ പങ്കെടുത്ത മറ്റൊരു ജനപ്രതിനിധി പറഞ്ഞു.

തങ്ങൾ പാർട്ടിക്ക് എതിരല്ലെന്നും എന്നാൽ കാര്യങ്ങൾ പഴയതുപോലെ തന്നെ തുടരാൻ കഴിയില്ലെന്നും അതൃപ്തനായ ഒരു എം.എൽ.എ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി തങ്ങളുടെ വാക്കുകൾ കേൾക്കുകയും പാർട്ടിയുടെയും സർക്കാരിന്റെയും താല്പര്യങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തുകയും വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

തങ്ങൾ വിമതന്മാരല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത എല്ലാവരും ആഗ്രഹിച്ചത്. പാർട്ടിയും സർക്കാരും ഏതാനും വ്യക്തികളുടെ മാത്രം കുത്തകയായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും മറ്റൊരു മുതിർന്ന നേതാവ് വ്യക്തമാക്കി.

ശ്രീനഗർ എം.പി ആഗ റൂഹുല്ല താൻ പാർലമെന്റ് അംഗത്വവും പാർട്ടി അംഗത്വവും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടിക്കുള്ളിലെ അമർഷം കൂടുതൽ ശക്തമായിരിക്കുകയാണ്. അബ്ദുല്ല കുടുംബവുമായി റൂഹുല്ലക്ക് വളരെക്കാലമായി അത്ര നല്ല ബന്ധമായിരുന്നില്ല ഉള്ളത്. ഇപ്പോൾ പാർട്ടിയിൽ നിന്ന് മാറി സ്വന്തം വഴി തെരഞ്ഞെടുക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്.

മന്ത്രിസഭാ പുനഃസംഘടന പാർട്ടിക്കുള്ളിലെ ചില ആശങ്കകൾക്ക് പരിഹാരമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതിനുപകരം, എൻ.സി ജനപ്രതിനിധികളിൽ ഒരു വിഭാഗത്തിനിടയിൽ അത് അമർഷം കൂടുതൽ വർധിപ്പിക്കുകയാണ് ചെയ്തത്.

24 എം.എൽ.എമാർ വിമത ക്യാമ്പിലുള്ളത് ഉമർ അബ്ദുല്ലക്ക് വലിയൊരു വെല്ലുവിളിയായേക്കാം. 90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസിന് 41 എം.എൽ.എമാരുണ്ട്. കോൺഗ്രസ് (ആറ് എം.എൽ.എമാർ), ചെറിയ പാർട്ടികൾ, സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് പാർട്ടി സർക്കാർ രൂപീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 24 MLAs Raise Banner Of Revolt Against Omar Abdullah
Next Story