കോവിഡ് വാക്സിൻ കുത്തിവെപ്പിന് 24 മണിക്കൂറും സൗകര്യം
text_fieldsന്യൂഡൽഹി: 24 മണിക്കൂറും കോവിഡ് വാക്സിൻ എടുക്കാൻ സൗകര്യമൊരുക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. നിശ്ചിത സമയത്തു മാത്രം വാക്സിൻ നൽകുന്ന രീതി തുടരരുതെന്നാണ് സർക്കാർ തീരുമാനം. ഏതു സമയത്തും വാക്സിൻ എടുക്കാൻ ജനത്തിന് സാധിക്കണം. ആശുപത്രികൾക്കു വാക്സിനേഷന് സമയം നീട്ടാം.
കോവിൻ ആപ്പുമായി സർക്കാർ, സ്വകാര്യ ആശുപത്രികളെ ബന്ധിപ്പിക്കും. ചട്ടങ്ങൾ പാലിക്കാൻ തയാറുള്ള സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷൻ നടപടികളുടെ ഭാഗമാകാം. ശീതീകരണ സംവിധാനവും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ചികിത്സ നല്‍കാനുള്ള സംവിധാനങ്ങളും നിർബന്ധമായും വേണം- ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 60 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൽ നൽകിത്തുടങ്ങിയതോടെ, 75കാരനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ ആദ്യഘട്ട പ്രതിരോധ കുത്തിവെപ്പെടുത്തു. ആർമി ഹോസ്പിറ്റലിലാണ് അദ്ദേഹം കുത്തിവെപ്പെടുത്തത്.
അതിനിടെ, രാജ്യത്തെ 86 ശതമാനം രോഗികളും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. പുതിയതായി 15,000 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ- 7863. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 2938 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 98 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്.
മാർച്ച് രണ്ടിന് 7.85 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1.7 ലക്ഷമാണ്. ആകെ രോഗബാധിതരുടെ എണ്ണം 1.11 കോടി പിന്നിട്ടു. ആകെ രോഗബാധിതരിൽ 1.53 ശതമാനമാണ് നിലവിൽ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

