രാജ്യത്ത് അടച്ചത് 24 വിമാനത്താവളങ്ങൾ; സുരക്ഷ വർധിപ്പിച്ചു, യാത്രക്കാർ നേരത്തെ എത്തണം
text_fieldsന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
പാക് അതിർത്തിയോടു ചേർന്ന സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് അനിശ്ചിത കാലത്തേക്ക് അടച്ചത്. ചണ്ഡീഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
വിമാനങ്ങളിലെ സുരക്ഷ വർധിപ്പിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) നിർദേശം നൽകി. യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ദേഹപരിശോധനയും ഐ.ഡി പരിശോധനയും കർശനമാക്കും. വിമാനത്താവള ടെർമിനലിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കൂടാതെ, നിലവിലെ സുരക്ഷാ പരിശോധനകൾക്കു പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’ (എസ്.എൽ.പി.സി) കൂടി ഏർപ്പെടുത്തി.
ഇതു പ്രകാരം ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കൈയിലുള്ള ക്യാബിൻ ബാഗും അടക്കം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. എല്ലാ വിമാനത്താവങ്ങളങ്ങളിലും 100 ശതമാനം സി.സി.ടി.വി കവറേജ് ഉറപ്പാക്കാനും ബി.സി.എ.എസ് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

