എസ്.ഐ.ആർ: ചീഫ് ജസ്റ്റിസിന് കത്തയച്ച് 23 പ്രതിപക്ഷ പാർട്ടികൾ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ നടപടികളിലെ ക്രമക്കേടുകളും കമ്മീഷന്റെ പ്രവർത്തനങ്ങളിലെ സുതാര്യതക്കുറവും ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് കത്തയച്ച് പ്രതിപക്ഷ പാർട്ടികൾ. ഡി.എം.കെ, എ.എ.പി അടക്കം 23 രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും സ്വതന്ത്ര എംപിയുമായ കപിൽ സിബലുമാണ് കത്തിൽ ഒപ്പുവെച്ചത്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കൺവീനർ മമത ബാനർജി, രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ്, ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത് എന്നിവരാണ് കത്തിൽ ഒപ്പിട്ട നേതാക്കൾ.
ഇൻഡ്യാ ബ്ലോക്കിൽ നിന്ന് അകന്ന് നിൽക്കുന്ന ഡി.എം.കെയും എ.എ.പിയും കത്തിൽ ഒപ്പുവെച്ചത് പ്രാധാന്യമർഹിക്കുന്നുണ്ട്.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് പ്രതിപക്ഷ പാർട്ടികളുടെ ഈ സംയുക്ത നീക്കം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. പ്രതിപക്ഷ കക്ഷികൾ 'SURE' (Solidarity, Unity, and Resistance - ഐക്യദാർഢ്യം, ഐക്യം, പ്രതിരോധം) എന്ന മുദ്രാവാക്യത്തിന് കീഴിൽ ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 8-ന് നടന്ന ഇൻഡ്യ സഖ്യ യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആറിലെ ക്രമക്കേടുകൾക്കെതിരെ ചീഫ് ജസ്റ്റിസിന് സംയുക്തമായി പരാതി നൽകാൻ തീരുമാനിച്ചതെന്ന് ജയറാം രമേശ് പറഞ്ഞു.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുതാര്യത ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസിന്റെ അടിയന്തിര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് യഥാർഥ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും വോട്ട് കൊള്ളയടിക്കാനും നീക്കം നടക്കുന്നുണ്ടെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം. ബംഗാളിൽ 91 ലക്ഷത്തോളം പേരാണ് എസ്.ഐ.ആറിലൂടെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത്. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച പല മണ്ഡലങ്ങളിലും എസ്.ഐ.ആറിലൂടെ വോട്ടർപ്പട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ട വോട്ടുകളുടെ എണ്ണത്തിനേക്കാൾ കുറഞ്ഞ വോട്ടാണ് ഭൂരിപക്ഷമായി ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

