21 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ
text_fieldsകൊളംബോ: അനധികൃതമായി ശ്രീലങ്കൻ സമുദ്രപരിധിയിൽ പ്രവേശിച്ചുവെന്നാരോപിച്ച് 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അവരുടെ നാല് ബോട്ടുകളും പിടിച്ചെടുത്തു.
ഈ വർഷം ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം ഇതോടെ 195 ആയി. അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ കടന്ന് മത്സ്യബന്ധനം നടത്തുന്നുവെന്ന പരാതി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയമാണ്.
ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ ശ്രീലങ്കൻ നേവി വെടിയുതിർക്കുകയും ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി.
തമിഴ്നാടിനെ ശ്രീലങ്കയിൽനിന്ന് വേർതിരിക്കുന്ന ഇടുങ്ങിയ മേഖലയായ പാക് കടലിടുക്കിൽ ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാനെത്താറുണ്ട്. ഇവിടെനിന്നാണ് ഇന്ത്യൻ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

