കഴിഞ്ഞ സെൻസസിൽ 3.8 ലക്ഷം ‘ഭിക്ഷാടകർ’; ഇത്തവണ പ്രത്യേകമായി രേഖപ്പെടുത്തില്ല
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2027ലെ ജനസംഖ്യാ കണക്കെടുപ്പിൽ ഭിക്ഷാടകരുടെയും അലഞ്ഞുതിരിയുന്നവരുടെയും വിവരങ്ങൾ പ്രത്യേക വിഭാഗമായി രേഖപ്പെടുത്തില്ല. ‘സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവർ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന ‘ഭിക്ഷാടകർ, അലഞ്ഞുതിരിയുന്നവർ തുടങ്ങിയവർ’ എന്ന വിഭാഗം പുതിയ സെൻസസ് ചോദ്യാവലിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മുൻ സെൻസസുകളിൽ ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 2011ലെ സെൻസസിൽ ഏകദേശം 3.8 ലക്ഷം പേരാണ് തങ്ങളെ ഭിക്ഷാടകരോ അലഞ്ഞുതിരിയുന്നവരോ ആയി രേഖപ്പെടുത്തിയത്. 2001ൽ ഇത് 6.3 ലക്ഷവും 1991ൽ ഏകദേശം 5.4 ലക്ഷവുമായിരുന്നു.
പുതിയ കണക്കെടുപ്പിൽ ഇവരെ ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിലാകും ഉൾപ്പെടുത്തുക. ഇതോടെ രാജ്യത്തെ ഭിക്ഷാടകരുടെ എണ്ണം, പ്രായം, മതം, സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ പ്രത്യേകമായി സെൻസസ് പട്ടികകളിൽ ലഭ്യമാകില്ല.
സാമൂഹികമായ അപമാനഭീതി കാരണം പലരും തങ്ങളെ ഭിക്ഷാടകരോ അലഞ്ഞുതിരിയുന്നവരോ ആയി രേഖപ്പെടുത്താൻ മടിച്ചിരുന്നതിനാൽ മുൻ സെൻസസുകളിലെ കണക്കുകൾ പൂർണമായി വിശ്വസനീയമല്ലെന്നാണ് അധികൃതരുടെ നിലപാട്. വ്യക്തി നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെൻസസ് ഉദ്യോഗസ്ഥർ തൊഴിൽ അല്ലെങ്കിൽ സാമ്പത്തിക പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്നത്.
അതേസമയം, മൊബൈൽ നമ്പർ, ആധാർ, വോട്ടർ ഐഡി, ഇന്ത്യൻ പാസ്‌പോർട്ട് നമ്പർ എന്നിവ ലഭ്യമാണെങ്കിൽ രേഖപ്പെടുത്താനുള്ള സംവിധാനം പുതിയ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങൾ നൽകാൻ ആളുകളെ നിർബന്ധിക്കില്ല. വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് വിശദീകരിച്ച് വിവരങ്ങൾ നൽകാൻ കണക്കെടുപ്പ് ഉദ്യോഗസ്ഥർ ആളുകളെ പ്രോത്സാഹിപ്പിക്കും. എന്നിട്ടും ആരെങ്കിലും വിവരങ്ങൾ നൽകാൻ തയ്യാറായില്ലെങ്കിൽ ബന്ധപ്പെട്ട കോളങ്ങൾ ഒഴിച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

