2027 സെൻസസിന് തുടക്കം; പ്രവാസികൾ പുറത്ത്
text_fieldsന്യൂഡൽഹി: രണ്ട് ഘട്ടമായുള്ള 2027 സെൻസസ് (ജനസംഖ്യാ കണക്കെടുപ്പ്) ഏപ്രിൽ ഒന്നിന് തുടങ്ങും. ആദ്യഘട്ടം സ്വയം കണക്കെടുപ്പും (സെൽഫ് എന്യൂമറേഷൻ) വീടുകളുടെ പട്ടിക തയാറാക്കലും (ഹൗസ് ലിസ്റ്റിങ് ഓപറേഷൻ) നടക്കും. ജാതി ഉൾപ്പെടെ, വിവിധ ജനവിഭാഗങ്ങളുടെ സാമൂഹിക, സാംസ്കാരിക സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരശേഖരണമാണ് രണ്ടാംഘട്ടത്തിൽ.
ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യം, ആസ്തി, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ 34 ചോദ്യങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ ഉത്തരം നൽകേണ്ടത്. വീടുകൾ അടച്ചുപൂട്ടി രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രവാസി ഇന്ത്യക്കാർ സെൻസസിന് പുറത്തായിരിക്കുമെന്ന് സെൻസസ് കമീഷണർ കൂടിയായ രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ കുമാർ നാരായണ ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ ജൂൺ 16 മുതൽ 30 വരെയുള്ള 15 ദിവസം ഓൺലൈൻ പോർട്ടൽ വഴി (se.census.gov.in) സെൽഫ് എന്യൂമറേഷൻ നടക്കും. സെൻസസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഓരോ കുടുംബത്തിനും സ്വന്തം നിലക്ക് എന്യൂമറേഷൻ നടത്താൻ സംവിധാനമൊരുക്കിയതെന്ന് മൃത്യുഞ്ജയ കുമാർ നാരായണ പറഞ്ഞു. വീടു കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി, വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള സംവിധാനമാണിത്. 34 ചോദ്യങ്ങൾക്കാണ് ഇതിൽ ഉത്തരം നൽകേണ്ടത്. വിവരം സബ്മിറ്റ് ചെയ്ത ശേഷം ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐ.ഡി, വീട്ടിലെത്തുന്ന എന്യൂമറേറ്റർക്ക് കൈമാറണം. എന്യൂമറേറ്റർ ഇത് പരിശോധിച്ചുറപ്പാക്കി സെൻസസിൽ ചേർക്കും.
11 സംസ്ഥാനങ്ങളിൽ ആദ്യഘട്ട സെൻസസ് സെൽഫ് എന്യൂമറേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഇവിടങ്ങളിൽ ഏപ്രിൽ 16 മുതൽ വീടു കയറിയുള്ള വിവരശേഖരണം തുടങ്ങും. അതത് സംസ്ഥാനങ്ങളിലെ സൗകര്യം പരിഗണിച്ചാണ് തീയതി തീരുമാനിച്ചിരിക്കുന്നത്. രാജ്യമാകെ 2026 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലുള്ള 30 ദിവസമാണ് ആദ്യഘട്ട ജനസംഖ്യ കണക്കെടുപ്പിന് അനുവദിച്ചിരിക്കുന്നത്.
കേരളത്തിൽ ജൂലൈ ഒന്നു മുതൽ 30 വരെ എന്യൂമറേറ്റർമാർ വീടു കയറി ഹൗസ് ലിസ്റ്റിങ് ഓപറേഷൻ(എച്ച്.എൽ.ഒ) നടത്തും. ഓൺലൈനായി ചെയ്യാൻ കഴിയാത്തവർ, എന്യൂമറേറ്റർമാർ വീട്ടിലെത്തുമ്പോൾ 34 ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകണം. സെൽഫ് എന്യൂമറേഷനിലൂടെ നൽകിയ ഉത്തരങ്ങൾ എന്യൂമറേറ്റർമാർ പരിശോധിക്കുകയും ഓൺലൈനിൽ നൽകാത്തവരിൽനിന്ന് 34 ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം തേടുകയും ചെയ്യും. ശേഷം വീടുകളുടെ പട്ടിക തയാറാക്കും. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിൽ ഒന്നിനും ആഗസ്റ്റ് 31നുമിടയിൽ 15 ദിവസമാണ് സെൽഫ് എന്യൂമറേഷന് അനുവദിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങൾക്കും വ്യത്യസ്ത കാലയളവാണ്.
പൂട്ടിക്കിടക്കുന്ന വീടുകൾ എണ്ണില്ല
എന്യൂമറേറ്റർമാരുടെ ഭവന സന്ദർശന വേളയിൽ അടഞ്ഞുകിടക്കുന്ന വീടുകൾ 2027ലെ ജനസംഖ്യാ കണക്കെടുപ്പിൽ പുറത്താകുമെന്ന് രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ കുമാർ നാരായണ. ജോലി ആവശ്യത്തിനും മറ്റും വീടുകൾ അടച്ചുപൂട്ടി രാജ്യത്തിന് പുറത്തുപോയ പ്രവാസികളും സെൻസസിൽ ഉൾപ്പെടില്ലെന്ന് സെൻസസ് കമീഷണർ കൂടിയായ മൃത്യുഞ്ജയ കുമാർ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘മാധ്യമ’ത്തിന് മറുപടി നൽകി.
പശ്ചിമേഷ്യൻ യുദ്ധംകൂടി കണക്കിലെടുത്ത് രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാർക്കായി എംബസികൾ കേന്ദ്രീകരിച്ച് ക്രമീകരണങ്ങളൊരുക്കുമോ എന്ന ചോദ്യത്തിന് സെൻസസ് രാജ്യത്തെ സാധാരണ താമസക്കാർക്കുള്ളതാണെന്നും എന്യൂമറേറ്റർമാർ പരിശോധനക്കെത്തുമ്പോൾ വീടുകളിലുള്ളവർ മാത്രമാണ് സെൻസസിൽ ഉൾപ്പെടുകയെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച സെൻസസ് ചുമതലയുള്ള ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും രാജ്യത്തിന് പുറത്തുള്ളവരെ എണ്ണില്ലെന്ന് ‘മാധ്യമ’ത്തോടു പറഞ്ഞു. വീടുകളില്ലാത്ത ഭവനരഹിതരുടെയും നാടോടികളുടെയും സന്യാസികളുടെയും കാര്യത്തിൽ എന്തു നടപടിക്രമം സ്വീകരിക്കുമെന്ന് ആദ്യഘട്ടം കഴിഞ്ഞ ശേഷമേ തീരുമാനിക്കൂ എന്നും ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

