2023 പട്ടിക വർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ച വർഷം; സൈബർ കുറ്റകൃത്യങ്ങളും കൂടി: എൻ.സി.ആർ.ബി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: 2023ൽ ഇന്ത്യയിൽ പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 28.8ശതമാനവും സൈബർ കുറ്റകൃത്യങ്ങളിൽ 31.2ശതമാനവും വർധനവും രേഖപ്പെടുത്തി നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട്.
മണിപ്പൂരിലെ വംശീയാതിക്രമം ഉണ്ടാക്കിയ ആഘാതത്തിന്റെ ഭയാനകമായ ചിത്രവും ഈ ഡാറ്റ കാണിക്കുന്നു. പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 3,399 കേസുകൾ മണിപ്പൂരിൽ മാത്രം റിപ്പോർട്ട് ചെയ്തു. 2022ൽ രജിസ്റ്റർ ചെയ്ത ഒരൊറ്റ കേസിൽ നിന്ന് അമ്പരപ്പിക്കുന്ന വർധനവാണിത്. മണിപ്പൂരിലെ സംഭവങ്ങളിൽ 1,051തീവെപ്പ് കേസുകളും 260 കവർച്ച കേസുകളും ആദിവാസി സമൂഹങ്ങളെ ലക്ഷ്യം വെച്ചുള്ള 193 ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ നിയമവിരുദ്ധ ഭൂമി കൈയേറ്റ കേസുകളും ഉൾപ്പെടുന്നുവെന്ന് എൻ.സി.ആർ.ബി റിപ്പോർട്ട് വിശദീകരിച്ചു.
ദേശീയതലത്തിൽ പട്ടികവർഗക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം മുൻ വർഷത്തെ 10,064ൽ നിന്ന് 12,960 ആയി ഉയർന്നു. എന്നാൽ, പട്ടികജാതിക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളിൽ നേരിയ വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 0.4ശതമാനം. 2022ലെ 57,582 കേസുകളിൽ നിന്ന് 2023 ൽ 57,789 ആയി ആകെ വർധിച്ചു.
അതേസമയം, ഡിജിറ്റൽ ഡൊമെയ്ൻ കുറ്റകൃത്യങ്ങൾക്കായുള്ള കൂടുതൽ സജീവമായ പ്ലാറ്റ്ഫോം ആയി മാറി. 2023ൽ 86,420 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. 2022ൽ 65,893 ആയിരുന്നതിൽ നിന്നാണിത്. 2018ൽ രേഖപ്പെടുത്തിയ കേസുകളുടെ (27,248) മൂന്നിരട്ടിയിലധികവും.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണ് പ്രധാന പ്രേരക ഘടകം. ഇതിൽ 59,526 സംഭവങ്ങൾ അഥവാ ആകെ സംഭവങ്ങളുടെ 69 ശതമാനം ഉൾപ്പെടുന്നു. കൊള്ളയടി (4,526 കേസുകൾ), ലൈംഗിക ചൂഷണം (4,199 കേസുകൾ) എന്നിവയാണ് മറ്റ് പ്രധാന സംഭവങ്ങൾ. തെലങ്കാന (10,303), കർണാടക (8,829), ഉത്തർപ്രദേശ് (8,236) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

