Top
Begin typing your search above and press return to search.
exit_to_app
exit_to_app
ഇന്ത്യ സോഫ്റ്റ്​​വെയര്‍ കയറ്റുമതി ചെയ്യുമ്പോള്‍ പാകിസ്താന്‍ ഭീകരത കയറ്റുമതി ചെയ്യുന്നു -മോദി
cancel

കോഴിക്കോട്: ജമ്മു-കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണം ഒരിക്കലും മറക്കില്ളെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനെതിരെ ആഞ്ഞടിച്ചു. ജീവത്യാഗം ചെയ്ത 18 ജവാന്മാരുടെ രക്തസാക്ഷ്യം വ്യര്‍ഥമാകില്ല. ഇന്ത്യയുമായി ആയിരം വര്‍ഷം യുദ്ധത്തിന് തയാറാണെന്നാണ് പാക് നേതാക്കള്‍ പറയുന്നത്. ആ വെല്ലുവിളി ഡല്‍ഹിയിലിരിക്കുന്ന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ത്രിദിന ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറി ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയില്‍ സംസാരിക്കുന്നത്.

പ്രസംഗത്തിന്‍െറ തുടക്കത്തില്‍ പാകിസ്താനെ പേരെടുത്തുപറയാതെ ആക്രമിച്ച മോദി, പിന്നീട് പാക് ഭരണകൂടത്തിനെതിരെ കടന്നാക്രമണം നടത്തുകയായിരുന്നു. ഒരുമിച്ച് സ്വാതന്ത്ര്യം നേടിയ ഇന്ത്യ സോഫ്റ്റ്വെയര്‍ കയറ്റുമതി ചെയ്യുമ്പോള്‍ പാകിസ്താന്‍ ഭീകരതയാണ് കയറ്റുമതി ചെയ്യുന്നതെന്നും ഭീകരവാദികള്‍ എഴുതിക്കൊടുത്ത പ്രസംഗം വായിക്കുകയാണ് പാക് ഭരണാധികാരിയെന്നും മോദി കുറ്റപ്പെടുത്തി. പാകിസ്താനെ അന്തര്‍ദേശീയതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഉറി ആക്രമണത്തിന് പിന്നില്‍ കശ്മീര്‍ സംഘര്‍ഷമാണെന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസ്താവനക്ക് മറുപടിയായി ഭീകരവാദികള്‍ എഴുതിക്കൊടുത്ത പ്രസംഗം വായിച്ച് കശ്മീര്‍ ഗീതം ആലപിക്കുകയാണ് പാക് ഭരണാധികാരിയെന്ന് മോദി കുറ്റപ്പെടുത്തി. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാന്‍ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളും പരിശ്രമിക്കുമ്പോള്‍ ഒരുരാജ്യം മാത്രം രക്തപ്പുഴയൊഴുക്കുകയും ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നു. ഏഷ്യയിലെവിടെയെല്ലാം ഭീകര സംഭവങ്ങളുണ്ടായാലും ലോകം മുഴുവന്‍ ഈ ഒരു രാജ്യത്തെയാണ് കുറ്റക്കാരായി കാണുന്നത്. അഫ്ഗാനിസ്താനിലും ബംഗ്ളാദേശിലുമടക്കം ഏഷ്യയുടെ നാല് ഭാഗത്തും ഭീകരപ്രവര്‍ത്തനം നടത്തുകയാണ് ഈ രാജ്യം. ഒന്നുകില്‍ ഈ രാജ്യത്തുനിന്നുള്ളവര്‍ ഭീകരപ്രവര്‍ത്തനത്തിനായി പുറത്തുപോകുന്നു. അല്ളെങ്കില്‍ ഉസാമ ബിന്‍ലാദിനെപ്പോലെ, ഭീകര പ്രവര്‍ത്തനം നടത്തിയശേഷം അവിടേക്ക് ചെല്ലുന്നു. പാകിസ്താനിലെ ഭരണാധികാരികള്‍ക്കെതിരെ ആ രാജ്യത്തെ ജനത തിരിയുന്ന കാലം വിദൂരമല്ളെന്നും മോദി ഓര്‍മിപ്പിച്ചു.  
ഈ അയല്‍രാജ്യം അതിര്‍ത്തി കടത്തിവിട്ട ചാവേറുകളുടെ 17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് കഴിഞ്ഞമാസങ്ങളില്‍ നമ്മുടെ സൈനികര്‍ തകര്‍ത്തത്.  ഇതിലൂടെ 110 ഭീകരരെയാണ് നമ്മുടെ സൈനികര്‍ മരണഗര്‍ത്തത്തിലേക്കയച്ചത്.

ഒരു ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടെങ്കില്‍ ഇവരുടെ ശ്രമം വിജയിച്ചാല്‍ എന്തായിരിക്കും പരിണതിയെന്ന് മോദി ചോദിച്ചു. അതിനാല്‍, രാജ്യത്തെ ജനങ്ങളെ കാക്കുന്ന ബി.എസ്.എഫ്, സി.ആര്‍.പി.എഫ് സൈനികരെയും ജമ്മു-കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പൊലീസിനെയും അഭിവാദ്യംചെയ്യുകയാണ്. ശക്തി മാത്രമല്ല, ഇന്ത്യന്‍ ജവാന്മാരുടെ മനോബലവും ഉച്ചിയിലാണ്. ആയുധങ്ങള്‍ അവര്‍ക്ക് കളിപ്പാട്ടങ്ങള്‍ മാത്രമാണ്. മനോബലമാണ് അവരുടെ യോഗ്യത.

ഭീകരവാദം മനുഷ്യകുലത്തിന്‍െറ ശത്രുവാണ്. ഭീകരവാദത്തിന്‍െറ കെടുതികള്‍ കേരളവും അനുഭവിച്ചതാണ്. തട്ടിക്കൊണ്ടുപോയ മലയാളി നഴ്സുമാരെ പോറലേല്‍പിക്കാതെ തിരിച്ചത്തെിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞു. ഈ മണ്ണില്‍നിന്ന് പാക് ജനതയോട് തനിക്ക് ചിലത് പറയാനുണ്ട്. ഇന്ത്യയും പാകിസ്താനും പരസ്പരം പോരാടേണ്ടത് ദാരിദ്ര്യവും ഉച്ചനീചത്വവും അനീതിയും അഴിമതിയും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്യാനാണ്. ഈ യുദ്ധത്തില്‍ ആരാണ് ജയിക്കുന്നതെന്ന് നമുക്ക് കാണാം. സ്വന്തം അധീനതയിലുള്ള കിര്‍ഗിതും പഷ്തൂണും ബലൂചിസ്താനും സിന്ധും നിയന്ത്രിച്ചശേഷം കശ്മീര്‍ നോക്കിയാല്‍ പോരേയെന്ന് പാക് ജനത സ്വന്തം ഭരണാധികാരികളോട് ചോദിക്കണമെന്നും പാക് ജനതയോട് മോദി ആവശ്യപ്പെട്ടു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ദീനദയാല്‍ ഉപാധ്യായയുടെ അന്ത്യോദയ സങ്കല്‍പം സാക്ഷാത്കരിക്കുമെന്ന് അദ്ദേഹത്തിന്‍െറ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

 

Show Full Article
TAGS:
Next Story