Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉറി ഭീകരാക്രമണം:...

ഉറി ഭീകരാക്രമണം: ഇന്ത്യ തെളിവ് കൈമാറി

text_fields
bookmark_border
ഉറി ഭീകരാക്രമണം: ഇന്ത്യ തെളിവ് കൈമാറി
cancel

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ബന്ധം സൂചിപ്പിക്കുന്ന വിവിധ തെളിവുകള്‍  ഇന്ത്യ കൈമാറി. താക്കീതിന്‍െറ സ്വരം നല്‍കുന്നവിധം പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് മന്ത്രാലയ സെക്രട്ടറി എസ്. ജയശങ്കര്‍ ഇന്ത്യയുടെ പക്കലുള്ള തെളിവിന്‍െറ വിശദാംശങ്ങള്‍ കൈമാറിയത്. ഇക്കാര്യത്തില്‍ പാകിസ്താന്‍െറ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകളുടെ അഞ്ചു വിവരങ്ങളാണ് വിദേശകാര്യ സെക്രട്ടറി കൈമാറിയത്. ഭീകരരുടെ മൃതദേഹങ്ങളില്‍നിന്ന് കിട്ടിയ ജി.പി.എസ് വിവരങ്ങളാണ് അതിലൊന്ന്. അതിര്‍ത്തി നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റകേന്ദ്രം, സമയം, ആക്രമണ സ്ഥലത്തേക്കുള്ള വഴി എന്നിവ ഏകോപിപ്പിച്ചത് ഇതുവഴിയാണെന്ന് ഇന്ത്യ വിശദീകരിച്ചു. മറ്റു തെളിവുകള്‍ ഇവയാണ്: ഭീകരര്‍ ഉപയോഗിച്ച പാകിസ്താനി മുദ്രയുള്ള ഗ്രനേഡുകള്‍, സമ്പര്‍ക്ക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍, സമ്പര്‍ക്കത്തിനുള്ള ഉപകരണം, ഭക്ഷണവും മരുന്നും തുണിയുമടക്കം പാകിസ്താനില്‍ നിര്‍മിച്ച സാമഗ്രികള്‍.

അതിര്‍ത്തി കടന്നുള്ള ആക്രമണത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാര്‍ അന്വേഷിക്കാന്‍ താല്‍പര്യപ്പെടുന്നെങ്കില്‍, ഭീകരരുടെ വിരലടയാളം, ഡി.എന്‍.എ സാമ്പ്ള്‍ എന്നിവ കൈമാറാന്‍ തയാറാണെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യക്കെതിരെ സ്വന്തം മണ്ണ് ഉപയോഗപ്പെടുത്താന്‍ ഭീകരരെ അനുവദിക്കില്ളെന്ന് 2004 ജനുവരിയില്‍ പാകിസ്താന്‍ വാക്കു നല്‍കിയിരുന്നതാണെന്ന് വിദേശകാര്യ സെക്രട്ടറി ഓര്‍മിപ്പിച്ചു. ഇത് നിരന്തരം ലംഘിക്കുന്നത് ഉത്കണ്ഠ ഉളവാക്കുന്നു. പാകിസ്താനില്‍ ഭീകരശൃംഖല സജീവമെന്നാണ് ഉറി സംഭവം വ്യക്തമാക്കുന്നത്. ഇന്ത്യക്കെതിരായ ഭീകരതക്ക് പാകിസ്താന്‍ പ്രായോജകരാകരുത്. പത്താന്‍കോട്ട് വ്യോമകേന്ദ്രം ആക്രമിച്ചതു മുതല്‍ ഇക്കൊല്ലം അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ ശ്രമിച്ച പല സംഭവങ്ങളുണ്ടായി. അതിര്‍ത്തി നിയന്ത്രണരേഖയില്‍ ഇത്തരം 17 ശ്രമങ്ങള്‍ വിഫലമാക്കി. 31 ഭീകരരെ സേന വധിച്ചുവെന്നും പാക് ഹൈകമീഷണറോട് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഉറി ഭീകരാക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ളെന്ന് പാകിസ്താന്‍ നേരത്തേ വിശദീകരിച്ചിരുന്നു. ഓരോ സംഭവം ഉണ്ടാകുമ്പോഴും പാകിസ്താനെ അവിശ്വസിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ് ചെയ്യുന്നതെന്നാണ് ആ രാജ്യത്തിന്‍െറ നിലപാട്. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് യു.എന്‍ പൊതുസഭയില്‍ കശ്മീര്‍പ്രശ്നം ഉയര്‍ത്താന്‍ തയാറെടുക്കെയാണ്, പാക് ഹൈകമീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയത്.


തെരച്ചില്‍ ഊര്‍ജിതം; സൈന്യം കനത്ത ജാഗ്രതയില്‍
ശ്രീനഗര്‍: ഉറിയിലും നൗഗം മേഖലയിലും സൈന്യത്തിന്‍െറ തെരച്ചില്‍ ഊര്‍ജിതമാക്കി. ഞായറാഴ്ചയിലെ ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ രണ്ട്  നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം നിര്‍വീര്യമാക്കിയ മേഖലയിലാണ് രണ്ടാം ദിവസവും തെരച്ചില്‍ പുരോഗമിക്കുന്നത്.  പ്രതികൂല കാലാവസ്ഥ വകവെക്കാതെയാണ്  നിയന്ത്രണരേഖയിലെ  ഉയര്‍ന്ന വനപ്രദേശത്തടക്കം സൈനികരുടെ പരിശോധന നടക്കുന്നത്. അതേസമയം, നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടത്തൊനുള്ള സാധ്യത വിദൂരമാണെന്ന്് സൈന്യം അറിയിച്ചു. നിയന്ത്രണരേഖയില്‍നിന്ന് 300 മീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കിടക്കുന്നതെന്നും അവിടേക്ക് സൈന്യത്തെ അയച്ചാല്‍ ശത്രുവിന്‍െറ ആക്രമണ പരിധിയില്‍പ്പെടുമെന്നുമാണ് വിശദീകരണം. പുതിയ നുഴഞ്ഞുകയറ്റമുണ്ടാകാതിരിക്കാന്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. അതിനിടെ, പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു.

ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളുടെ വന്‍ ശേഖരവും കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു.  സൈന്യവും പൊലീസും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഒളിത്താവളം തകര്‍ത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ത്രാലിലെ കംല വനത്തില്‍ തെരച്ചില്‍ നടത്തിയത്.   ഒരു എ.കെ 56 അടക്കം പലവിധ തോക്കുകള്‍, ഗ്രനേഡ് വിക്ഷേപിണി, വെടിക്കോപ്പുകളുടെ വന്‍ശേഖരം എന്നവയാണ് കണ്ടെടുത്തത്.

 

Show Full Article
TAGS:Uri attack 
Next Story