ചൈൽഡ് പോണോഗ്രഫി: പരാതിപ്പെടാൻ ഹോട്ട് ലൈൻ സംവിധാനം
text_fieldsന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ഒാൺലൈനിൽ പരാതിപ്പെടാൻ വെബ് സൈറ്റ്. 'ആരംഭ് ഇന്ത്യ' എന്ന പേരിൽ ഇന്ത്യയുടെ ആദ്യ ഹോട്ട് ലൈൻ സേവനം കേന്ദ്രമന്ത്രി മേനക ഗാന്ധി ഉദ്ഘാടനം ചെയ്തു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, അവരുടെ അശ്ലീല ചിത്രങ്ങൾ, വിഡിയോകൾ എന്നിവ ഒാൺലൈനായി പ്രചരിപ്പിക്കൽ എന്നിവക്ക് പരാതിപ്പെടാനാവുന്ന സേവനമാണിത്. http://aarambhindia.org എന്ന വൈബ്സെറ്റാണ് നിലവിൽ വന്നത്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേർണ എന്ന സംഘടനയും ഇൻറർനെറ്റ് വാച്ച് ഫൗണ്ടേഷനും ചേർന്നാണ് 'ആരംഭ് ഇന്ത്യ' വെബ്സൈറ്റിന് തുടക്കം കുറിച്ചത്.
ചിത്രങ്ങൾ, വിഡിയോകൾ എന്നിവ റിപ്പോർട്ട് ചെയ്താൽ അത് ഉടൻ തന്നെ ബ്ലോക്ക് ചെയ്യുകയും എവിടെ നിന്നാണോ ഇത് അപ് ലോഡ് ചെയ്തതെന്ന് നോക്കി നിയമ നടപടികൾ സ്വീകരിക്കാനും കഴിയും. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വെബ്സൈറ്റ് ലഭ്യമാണ്.
സർക്കാർ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സേവനം ഉദ്ഘാടനം ചെയ്യവെ മേനക ഗാന്ധി പറഞ്ഞു.
പോണാഗ്രഫിക്ക് വേണ്ടി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായിരിക്കുകയാണ്. ഇതിന് ഇരകാളാക്കപ്പെടുന്നവരുടെ കൃത്യമായ കണക്കുകൾ സർക്കാറിന്‍റെ കൈവശമില്ല. പലരും പേടിയും ലജ്ജയും കാരണം ഇത്തരം സംഭവങ്ങൾ പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. 2015ലെ ചില കണക്കുകൾ പ്രകാരം 96 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.