Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡിവൈ.എസ്.പിയുടെ...

ഡിവൈ.എസ്.പിയുടെ ആത്മഹത്യ കെ.ജെ. ജോര്‍ജിന് ക്ളീന്‍ചിറ്റ്

text_fields
bookmark_border
ഡിവൈ.എസ്.പിയുടെ ആത്മഹത്യ കെ.ജെ. ജോര്‍ജിന് ക്ളീന്‍ചിറ്റ്
cancel

ബംഗളൂരു: ഡിവൈ.എസ്.പി എം.കെ. ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജിവെച്ച മലയാളി മന്ത്രി കെ.ജെ. ജോര്‍ജിനും ഇന്‍റലിജന്‍സ് എ.ഡി.ജി.പി എ.എം. പ്രസാദ്, ലോകായുക്ത ഐ.ജി പ്രണബ് മൊഹന്തി എന്നിവര്‍ക്കും സി.ഐ.ഡിയുടെ ക്ളീന്‍ചിറ്റ്. ഇവര്‍ക്ക് മരണത്തില്‍ പങ്കില്ളെന്നും കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് സി.ഐ.ഡി സംഘം മടിക്കേരി ജെ.എഫ്.എം.സി കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 19നകം സമര്‍പ്പിക്കണമെന്ന് കോടതി സി.ഐ.ഡി സംഘത്തോട് നിര്‍ദേശിച്ചിരുന്നു. കുറ്റമുക്തനാകുന്നതോടെ ബംഗളൂരു നഗരവികസന മന്ത്രിയായിരുന്ന ജോര്‍ജിന് മന്ത്രിസഭയില്‍ തിരിച്ചത്തൊന്‍ സാധ്യത തെളിഞ്ഞു. ജോര്‍ജിന്‍െറ രാജിക്കുശേഷം ഈ വകുപ്പ് മറ്റാര്‍ക്കും നല്‍കാതെ ഒഴിച്ചിട്ടിരിക്കുകയായിരുന്നു.

ജൂലൈ ഏഴിനാണ് മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തന്നെ ഭീഷണിപ്പെടുത്തുന്നതായും ജീവന് ഭീഷണിയുണ്ടെന്നും ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ച് മംഗളൂരു പടിഞ്ഞാറന്‍ റെയ്ഞ്ചിലെ ഡിവൈ.എസ്.പി ഗണപതി സ്വകാര്യ ലോഡ്ജിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. തുടര്‍ന്ന് മടിക്കേരി ടൗണ്‍ പൊലീസ് അസാധാരണ മരണത്തിന് കേസെടുക്കുകയായിരുന്നു. എന്നാല്‍, അഭിമുഖത്തില്‍ പരാമര്‍ശിച്ച ഉന്നതരെ ഒഴിവാക്കി കേസെടുത്തതിനെതിരെ വിമര്‍ശം ഉയരുകയും സി.ബി.ഐ അന്വേഷണവും മന്ത്രി ജോര്‍ജിന്‍െറ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. നിയമസഭയിലും ലെജിസ്ലേറ്റിവ് കൗണ്‍സിലിലും രൂക്ഷമായ വാഗ്വാദം ഉണ്ടാവുകയും രാപ്പകല്‍ സമരം അരങ്ങേറുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍, തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും താന്‍ ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയിട്ടില്ളെന്നുമായിരുന്നു മന്ത്രി ആവര്‍ത്തിച്ചത്. 2014 മാര്‍ച്ചില്‍ ബംഗളൂരുവിലെ രാജഗോപാല്‍ പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യവെ ലഭിച്ച സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഗണപതി തന്നെ സമീപിച്ചിരുന്നെങ്കിലും പൊലീസിന്‍െറ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരിട്ട് ഇടപെടില്ളെന്ന് പറഞ്ഞ് മടക്കുകയായിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഗണപതി വിഷാദരോഗത്തിന് അടിമയായിരുന്നെന്നും മംഗളൂരുവിലെ മനോരോഗ വിദഗ്ധന്‍െറ ചികിത്സ തേടിയ കുറിപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും സൗത് റെയ്ഞ്ച് ഐ.ജി ബി.കെ. സിങ് വെളിപ്പെടുത്തിയിരുന്നു.

ഭാര്യ പവനയുമായുള്ള പ്രശ്നങ്ങള്‍ കാരണം ഗണപതി മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് കുശലപ്പയും മൊഴിനല്‍കിയിരുന്നു. ഗണപതിയുടെ സഹോദരനും ബംഗളൂരു ഡിവൈ.എസ്.പിയുമായ തിമ്മയ്യയും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, സര്‍ക്കാറിന്‍െറയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മര്‍ദം കാരണമാണ് തിമ്മയ്യയുടെ വെളിപ്പെടുത്തലെന്ന് മറ്റൊരു സഹോദരനായ മച്ചയ്യ ആരോപിച്ചു. തുടര്‍ന്ന് ഉന്നതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ പവനയും മക്കളായ നെഹാല്‍, സോഹില്‍ എന്നിവരും സമരത്തിനിറങ്ങി. ഗണപതിയുടെ മകന്‍ നെഹാല്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 18ന് മടിക്കേരി ജെ.എഫ്്.എം.സി കോടതി മന്ത്രിക്കും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നിര്‍ദേശിച്ചതോടെ ജോര്‍ജ് മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ജോര്‍ജ് ഒന്നും മൊഹന്തി രണ്ടും പ്രസാദ് മൂന്നും പ്രതികളായാണ് കേസെടുത്തത്. എസ്.പി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സി.ഐ.ഡി സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.  

ഗണപതിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കുശലപ്പയും സഹോദരന്‍ മച്ചയ്യയും വെള്ളിയാഴ്ച ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രതിസ്ഥാനത്ത് ഉന്നതരായതിനാല്‍ സി.ഐ.ഡി അന്വേഷണം പക്ഷപാതരഹിതവുമാകുമെന്ന് വിശ്വസിക്കാനാവില്ളെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Show Full Article
TAGS:kj jorge karnataka minister 
Next Story