ബുലന്ദ്ശഹര്‍ ബലാത്സംഗ കേസില്‍ സി.ബി.ഐ അന്വേഷണം പുനരാരംഭിച്ചു
text_fieldsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കാര്‍ തടഞ്ഞ് അമ്മയെയും 13കാരി മകളെയും ബലാത്സംഗം ചെയ്ത കേസില്‍ സുപ്രീംകോടതി സ്റ്റേ പിന്‍വലിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം പുനരാരംഭിച്ചു. ബലാത്സംഗാരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എസ്.പി നേതാവും മന്ത്രിയുമായ അഅ്സം ഖാന്‍ ആരോപിച്ചതിന് പിന്നാലെ കേസിലെ പ്രതികളുടെ വിചാരണ യു.പിക്ക് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗ ഇരകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 29ന് സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കിയത്.
എന്നാല്‍, സ്റ്റേ തുടര്‍ന്നാല്‍ അറസ്റ്റിലായവര്‍ ജാമ്യം നേടാനിടയുണ്ടെന്ന് സി.ബി.ഐ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ പിന്‍വലിക്കാന്‍ കോടതി തയാറായത്. വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്ന ആവശ്യം പരിശോധിക്കുമെന്നും കോടതി പറഞ്ഞു. സംഭവസ്ഥലം സി.ബി.ഐ ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും വെള്ളിയാഴ്ച പരിശോധിച്ചു.
