'ഫ്ലക്സി ഫെയര്‍' സംവിധാനം: ട്രെയിൻ യാത്രാ നിരക്കിൽ ഒന്നര ഇരട്ടി വരെ വര്‍ധന
text_fieldsന്യൂഡല്‍ഹി: യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്കു കൂട്ടുന്ന വിമാനക്കമ്പനികളുടെ ചൂഷണ രീതി ട്രെയിനുകളിലേക്ക്. ബുക്കിങ് വര്‍ധിക്കുന്നതിനൊത്ത് കൂടിയ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന ‘ഫ്ളക്സി ഫെയര്‍’ സമ്പ്രദായം രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ വെള്ളിയാഴ്ച മുതല്‍ നടപ്പാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതുവഴി ട്രെയിന്‍ ചാര്‍ജ് ഒന്നര ഇരട്ടി വരെ വര്‍ധിക്കും.
ആകെയുള്ള സീറ്റിന്‍െറ ആദ്യത്തെ 10 ശതമാനത്തില്‍ മാത്രമാണ് ഈ ട്രെയിനുകളില്‍ ഇപ്പോഴത്തെ നിരക്കില്‍ ടിക്കറ്റു ബുക്കു ചെയ്യാന്‍ സാധിക്കുക. 10 ശതമാനം സീറ്റുകള്‍ ബുക്കു ചെയ്തു കഴിഞ്ഞാല്‍ ടിക്കറ്റ് ചാര്‍ജ് 10 ശതമാനം വര്‍ധിക്കും. തുടര്‍ന്ന് ഓരോ 10 ശതമാനം സീറ്റിലും ഇത്തരത്തില്‍ നിരക്ക് കൂടിക്കൊണ്ടിരിക്കും. ഫലത്തില്‍ ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ ചാര്‍ജിനെക്കാള്‍ അമ്പതു ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും.

ഉദാഹരണത്തിന് 40 ശതമാനം സീറ്റ് ബുക്കു ചെയ്തു കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്കില്‍ 40 ശതമാനം വര്‍ധനവുണ്ടാകും. എന്നാല്‍, ഇപ്പോഴത്തെ നിരക്കിന്‍െറ ഒന്നര ഇരട്ടിയില്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കാന്‍ പാടില്ളെന്ന് വ്യവസ്ഥയുണ്ട്. വെയ്റ്റിങ് ലിസ്റ്റുകാര്‍ ഏറ്റവുമൊടുവിലായി എത്തിനില്‍ക്കുന്ന ചാര്‍ജ് നല്‍കേണ്ടി വരും. രാജധാനിയിലും തുരന്തോയിലും സെക്കന്‍ഡ് സ്ളീപര്‍, സ്ളീപര്‍, തേര്‍ഡ് എ.സി, ടു എ.സി ടിക്കറ്റുകളിലും ശതാബ്ദി ട്രെയിനുകളിലെ ചെയര്‍ കാര്‍ സീറ്റിനുമാണ് ഈ രീതിയിലെ നിരക്കു വര്‍ധന. ഫസ്റ്റ് ക്ളാസ് എ.സി, എക്സിക്യൂട്ടിവ് ക്ളാസ് ടിക്കറ്റ് നിരക്കുകള്‍ അതേപടി തുടരും.
റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, കാറ്ററിങ് ചാര്‍ജ്, സേവന നികുതി എന്നിവ പൂര്‍ണമായിത്തന്നെ ഈടാക്കും. സേവന നികുതി ആനുപാതികമായി ഉയരും. തത്കാല്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ ഒന്നര ഇരട്ടി നല്‍കണം. തത്കാല്‍ ഫീസ് ഈടാക്കില്ല. പ്രീമിയം തത്കാല്‍ ക്വോട്ട ഈ ട്രെയിനുകളില്‍ ഉണ്ടാവില്ല. കണ്‍സഷന്‍ ടിക്കറ്റുകള്‍ക്കും അപ്പോഴത്തെ നിരക്കിന് ആനുപാതികമായ ഇളവാണ് അനുവദിക്കുക.
റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണം തിരികെ നല്‍കുന്ന രീതിക്ക് മാറ്റമില്ല. പുതിയ നിരക്ക് രീതി നിലവില്‍ വരുന്ന സെപ്റ്റംബര്‍ ഒമ്പതിനു മുമ്പ് ബുക്ക് ചെയ്തവരില്‍ നിന്നും അധിക തുക ഈടാക്കില്ളെന്ന് റെയില്‍വേ അറിയിച്ചു. ഫ്ളക്സി ഫെയര്‍ ഭാവിയില്‍ മറ്റു ട്രെയിനുകള്‍ക്കും വരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് സ്വകാര്യ ടാക്സി ഒാപ്പറേറ്റർമാരായ യുബെർ ടാക്സി സെർജ് പ്രൈസിങ് നടപ്പാക്കിയിരുന്നു. എന്നാൽ, ഈ വർഷം ആദ്യം ഡൽഹിയിൽ ഈ സംവിധാനത്തിന് സംസ്ഥാന സർക്കാർ നിരോധം ഏർപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
