ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകളുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി നഖ്വി
text_fieldsന്യൂഡല്‍ഹി: ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകള്‍ക്കുള്ള ബഹുമുഖ വികസന പദ്ധതി കേരളത്തിലെ ഒമ്പതു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ജലീല്‍ ഇക്കാര്യമറിയിച്ചത്. നിലവില്‍ ബ്ളോക് അടിസ്ഥാനത്തില്‍ നടത്തുന്ന ഈ പദ്ധതി വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം, കല്‍പറ്റ ബ്ളോക് പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയിലുമാണ് നടപ്പാക്കിയിട്ടുള്ളത്.
കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളെക്കൂടി ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ പട്ടികയില്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന്‍െറ ബഹുമുഖ പദ്ധതി നടപ്പാക്കണമെന്നാണ് കേരളത്തിന്‍െറ ആവശ്യം. ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ആവശ്യമായ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് ധനസഹായം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 251 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് പ്രതിവര്‍ഷം 6.24 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
സിവില്‍ സര്‍വിസ് പരീക്ഷക്ക് കോഴിക്കോട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലും മത്സര പരീക്ഷകളുടെ തയാറെടുപ്പിന് 15 ഇടങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും കേന്ദ്രത്തോട് കേരളം സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ, ദേശീയോദ്ഗ്രഥനവും സാംസ്കാരിക പൈതൃകവും പരിപോഷിപ്പിക്കുന്നതിന് സി.ഡി.എസ് മാതൃകയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി ഗവേഷണ പഠനകേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ കൂടിക്കാഴ്ചയില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
