ദാവൂദ് ബന്ധം: ഏക്നാഥ് കഡ്സെക്ക് എതിരെ കൂടുതല്‍ തെളിവുകള്‍
text_fieldsമുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമുമായി ഫോണില്‍ ബന്ധപ്പെട്ടതിന് മഹാരാഷ്ട്ര റവന്യൂ മന്ത്രിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായ ഏക്നാഥ് കഡ്സെക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഹാക്കര്‍. 2015 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ദാവൂദിന്‍െറ കറാച്ചി നമ്പറുകളില്‍നിന്ന് ഏഴുതവണ കഡ്സെയുടെ മൊബൈലില്‍ ബന്ധപ്പെട്ടതിന്‍െറ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ എത്തിക്കല്‍ ഹാക്കര്‍ മനീഷ് ബംഗാലെയാണ് മന്ത്രിക്കെതിരെ തെളിവുമായി രംഗത്തുവന്നത്.
മാര്‍ച്ച് 23ന് 5.43 മിനിറ്റ് സംസാരിച്ചതായാണ് ഫോണ്‍ വിളിപ്പട്ടിക വ്യക്തമാക്കുന്നത്. ദാവൂദുമായി ആശയ വിനിമയം നടത്തിയതായി ആരോപിക്കപ്പെടുന്ന കാലയളവില്‍ വിവാദ നമ്പര്‍ ഉപയോഗത്തിലുണ്ടായിരുന്നില്ല എന്ന മന്ത്രിയുടെ അവകാശവാദം പൊളിക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെ മൊബൈല്‍ ബില്‍ അടച്ചതായാണ് തെളിവ്. മാര്‍ച്ചില്‍ സിംകാര്‍ഡ് മാറ്റിയതായും പറയുന്നു.
പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അതെക്കുറിച്ച് അന്വേഷിക്കുമെന്ന് മുംബൈ പൊലീസ് കമീഷണര്‍ ദത്താ പഡ്സാല്‍ക്കര്‍ പറഞ്ഞു. ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരിലുള്ള നാല് നമ്പറുകളില്‍നിന്നാണ് കഡ്സെയുടെ നമ്പറിലേക്ക് വിളികള്‍ വന്നത്. വിവാദമായതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ നിര്‍ദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മുംബൈ ക്രൈംബ്രാഞ്ച് കഡ്സെക്ക് ക്ളീന്‍ ചിറ്റ് നല്‍കുകയാണ് ചെയ്തത്. വിവാദ കാലയളവില്‍ കഡ്സെയുടെ മൊബൈലില്‍ വിദേശ നമ്പറുകളില്‍നിന്ന് വിളി വരുകയോ വിദേശ നമ്പറിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ളെന്നാണ് പൊലീസ് അവകാശപ്പെട്ടത്.
അതേസമയം, പുണെ ഭോസരിയില്‍ സംസ്ഥാന നഗര വികസന കോര്‍പറേഷന് (എം.ഐ.ഡി.സി) കീഴിലുള്ള ഭൂമി തന്‍െറയും ഭാര്യ മന്ദാകിനിയുടെയും മകളുടെ ഭര്‍ത്താവ് ഗിരീഷ് ചൗധരിയുടെയും പേരിലാക്കിയെന്ന ആരോപണം ഏക്നാഥ് കഡ്സെ നിഷേധിച്ചു. സര്‍ക്കാര്‍ ഭൂമിയല്ല; അബ്ബാസ് ഉകാനി എന്നയാളില്‍നിന്ന് വാങ്ങിയതാണെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍, അബ്ബാസ് ഉകാനി എം.ഐ.ഡി.സിക്ക് നല്‍കുകയും പിന്നീട് തിരിച്ചാവശ്യപ്പെടുകയും ചെയ്ത ഭൂമിയാണിത്. സര്‍ക്കാറിനെതിരെ അബ്ബാസ് ഉകാനി കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളി. 40 കോടി രൂപ വിലവരുന്ന മൂന്ന് ഏക്കര്‍ ഭൂമി 3.75 കോടി രൂപക്ക് കഡ്സെ സ്വന്തമാക്കിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
