ചരിത്രമാവര്‍ത്തിച്ച് ജയലളിത
text_fieldsചെന്നൈ : അണ്ണാഡി.എം.കെ എന്നാല്‍ പുരട്ച്ചി തലൈവി ജയലളിത, ജയലളിത എന്നാല്‍ അണ്ണാഡി.എം.കെ. തലൈവിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ചരിത്രം ആവര്‍ത്തിച്ചിരിക്കുന്നു. തമിഴകത്തിന്‍െറ വികാരമായിരുന്ന പുരട്ച്ചിതലൈവര്‍ എം.ജി.ആറിന് നല്‍കിയ ഭരണത്തുടര്‍ച്ച ദ്രാവിഡ ജനത ജയലളിതയുടെ മുന്നിലും സമര്‍പ്പിച്ചു. 1977 മുതല്‍ 87ല്‍ മരിക്കുന്നതു വരെ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം എം.ജി.ആറാണ് തമിഴകം ഭരിച്ചത്. സംസ്ഥാനത്തിന്‍െറ മുഖ്യമന്ത്രിയായി തുടര്‍ച്ചയായി രണ്ടാം തവണയും ജയലളിത വരുന്നു. ജയലളിത നാലാംതവണയാണ് ഈ പദവിയില്‍ എത്തുന്നത്. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാലത്ത് പുറത്തുപോകുകയും രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കണക്കെടുത്താല്‍ കസേരയില്‍ അഞ്ചു ടേം ആയി. ഇപ്രാവശ്യം ആറാം വട്ടമാണ് മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുന്നത്. പതിറ്റാണ്ടുകള്‍ രാഷ്ട്രീയ പാരമ്പര്യമുള്ള കലൈഞ്ജര്‍ക്ക് അഞ്ചുപ്രാവശ്യം മാത്രമാണ് മുഖ്യമന്ത്രി കസേരയിരിക്കാനുള്ള ഭാഗ്യം ഉണ്ടായത്.
പ്രചാരണത്തിന്‍െറ അവസാന കാലത്തെ അണ്ണാഡി.എം.കെ-ഡി.എം.കെ ബലാബലത്തെയും പ്രതിപക്ഷത്തിന് മുന്‍തൂക്കമെന്ന എക്സിറ്റ് പോള്‍ അഭിപ്രായങ്ങളെയും മറികടക്കുന്നതാണ് ജയലളിതയുടെ വിജയം. ചെന്നൈ ഉള്‍പ്പെടെ പ്രളയ ബാധിത നഗരങ്ങളില്‍ വോട്ടുകള്‍ കുറഞ്ഞു ഭരണവിരുദ്ധത പ്രകടമായപ്പോഴും ഗ്രാമങ്ങളിലെ എം.ജി.ആര്‍ ഭക്തര്‍ അണ്ണാഡി.എം.കെക്കൊപ്പം നിന്നു. 5.77 കോടി വോട്ടര്‍മാരില്‍ 4.28 കോടി പേര്‍ വോട്ട്ചെയ്തു 74.26 ശതമാനമായിരുന്നു പോളിങ് ശതമാനം. സ്ത്രീകളായിരുന്നു മുന്നില്‍. 2.16 കോടി സ്ത്രീകളും 2.12 കോടി പുരുഷന്‍മാരും വോട്ട് രേഖപ്പെടുത്തി. ജനക്ഷേമ പദ്ധതികളിലൂടെ ജന മനസ്സുകളില്‍ പ്രത്യേകിച്ച് വനിതകളോടൊപ്പം കൂട്ടുകൂടിയ ജയലളിത ആത്മവിശ്വാസത്തിന്‍െറ ബലത്തിലാണ് ചരിത്രത്തില്‍ ആദ്യമായി എല്ലാ സീറ്റുകളിലും പാര്‍ട്ടിയുടെ ചിഹ്നമായ രണ്ടിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അണ്ണാഡി.എം.കെ ഉദയം ചെയ്യുന്നതിന് മുമ്പുള്ള കാലത്ത് ഡി.എം.കെ പോലും ഇത്തരമൊരു സാഹസത്തിന് തുനിഞ്ഞിരുന്നില്ല.
ബഹുകോണ മത്സരം നടക്കുന്നതിനിടെ വിഭജിച്ച് പോയ പ്രതിപക്ഷ വോട്ടുകളാണ് അണ്ണാഡി.എം.കെയുടെ വിജയത്തിന് ഹേതുവായ മറ്റൊരു ഘടകം. ഇരു ദ്രാവിഡ പാര്‍ട്ടികളും സൗജന്യങ്ങള്‍ വാരിവിതറിയെങ്കിലും അമ്പത് ശതമാനം സബ്സിഡിയോടെ ഇരുചക്ര വാഹനവും മൊബൈല്‍ ഫോണും വിവിധ വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതികളും വോട്ടുവീഴ്ത്തി. ഘട്ടം ഘട്ടമായ മദ്യനിരോധനമെന്ന വാഗ്ദാനം സ്ത്രീകള്‍ തള്ളി ഒറ്റയടിക്ക് നിരോധനമെന്ന ഡി.എംകെയുടെ വാഗ്ദാനം അംഗീകരിക്കപ്പെട്ടതാണ് ഡി.എംകെയുടെ സീറ്റ് വര്‍ധിപ്പിച്ചത്. കേരളവും കര്‍ണ്ണാടകയുമായുള്ള ജലതര്‍ക്കങ്ങളിലെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് അനുകൂല തീരുമാനവും സഹായകമായി. കാര്‍ഷിക മേഖലകളില്‍ അണ്ണാഡി.എം.കെക്ക് കടന്ന് കയറാനായി. എങ്കിലും മധുരിക്കുന്നതല്ല ജയലളിതയുടെയും അണികളുടെയും വിജയം. ചെന്നൈ ആര്‍.കെ നഗറില്‍ ജയലളിതയുടെ ഭൂരിപക്ഷത്തിന് 1.10 ലക്ഷത്തിന്‍െറ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പിലെ ലഭിച്ച ഭൂരിപക്ഷം 1.50 ലക്ഷത്തില്‍ നിന്ന് 39, 537 ആയി കുറഞ്ഞു. ജയലളിതക്ക് 97,000 വോട്ടുകള്‍ കിട്ടി. ഡി.എം.കെ സ്ഥാനാര്‍ഥി അഡ്വ. ഷിംല മുത്തുചോഴന്‍ രണ്ടാംസ്ഥാനത്ത്. പ്രമുഖ മന്ത്രിമാരായ ഗോകുല ഇന്ദിര, വൈദ്യലിംഗം, നത്തം വിശ്വനാഥന്‍ എന്നിവര്‍ തോറ്റു. ഭരണപക്ഷ എം.എല്‍.എമാരുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.
പ്രളയം ആഞ്ഞടിച്ച വടക്കന്‍ തമിഴകത്തെ പിന്നോക്കം പോയതും മന്ത്രിസഭയിലെ പ്രമുഖരുടെ പിന്നോട്ടടിയും ഭരണവിരുദ്ധത ചെറിയ തോതില്‍ ഏകീകരിക്കപ്പെട്ടതായി വ്യക്തമാക്കുന്നു. ചെന്നൈ ജില്ലയിലെ 16 മണ്ഡലങ്ങളില്‍ അഞ്ചിടത്ത് മാത്രമാണ് അണ്ണാഡി.എം.കെ വിജയിച്ചത്. പതിനൊന്നിടത്തും ഡി.എം.കെ വിജയിച്ചു. കഴിഞ്ഞ നിയമസഭാ - ലോക്സഭാ തെരഞ്ഞെടുപ്പിലും കിട്ടിയ മൃഗീയ ഭൂരിപക്ഷം തമിഴകം ഇക്കുറി നല്‍കാഞ്ഞതു അമ്മക്കുള്ള മക്കളുടെ മുന്നറിയിപ്പാണ്. ആഘോഷനാളുകളിലും അണികള്‍ക്കും ജനങ്ങള്‍ക്കും അപ്രാപ്യയായ ജയലളിത വിജയം തിരിച്ചറിഞ്ഞ് ഇന്നലെ പോയസ് ഗാര്‍ഡനിലെ വരാന്തയില്‍ ഇറങ്ങി ഇരുന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും അവര്‍ നല്‍കിയ പൂച്ചെണ്ടുകള്‍ നേരിട്ട് വാങ്ങുകയും ചെയ്തു.
ബദലാകാതെ ബദല്‍ മുന്നണികള്‍
ഇരുദ്രാവിഡ മുന്നികള്‍ക്കും ബദലാകാന്‍ ജനിച്ച് വീണ മുന്നണികള്‍ മാസം പൂര്‍ത്തിയാക്കാതെ മരിച്ചുവീഴ്ന്നു. അണ്ണാഡി.എം.കെ, ഡി.എം.കെ എന്നീ ദ്രാവിഡ പ്രസ്ഥാനങ്ങളോടുള്ള കൂറ് തമിഴ്നാട് ജനത ഒരിക്കല്‍ കൂടി തെളിയിച്ചു. മറ്റൊരു കക്ഷിക്കും അടുത്തെങ്ങും സ്ഥാനമില്ളെന്നതാണ് സന്ദേശം. വിജയകാന്തിന്‍െറ ഡി.എം.ഡി.കെ- വൈക്കോ- തിരുമാളവന്‍- ഇടതുപക്ഷം എന്നിവര്‍ ഉള്‍പ്പെട്ട ജനക്ഷേമ മുന്നണി- ജി.കെ വാസന്‍െറ തമിഴ് മാനിലാ കോണ്‍ഗ്രസ്, പട്ടാളി മക്കള്‍ കക്ഷി, ബി.ജെ.പി, നാം തമിഴര്‍ കക്ഷി എന്നിവര്‍ നിലം തൊട്ടിട്ടില്ല. ജനക്ഷേ മുന്നിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവുമായ വിജയകാന്ത് ഉളുന്തുര്‍ഋപട്ടില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകള്‍ നേടിയ ഡി.എം.ഡി.കെ എങ്ങും വിജയിച്ചില്ല. സഖ്യത്തിലെ വിടുതലൈ ചിറുതൈകള്‍ കക്ഷി അധ്യക്ഷന്‍ തിരുമാളവന്‍ കാട്ടുമണ്ണാര്‍കോവിലില്‍ പരാജയം രുചിച്ചു. സി.പി.ഐ -സി.പി.എം കക്ഷികള്‍ മത്സരിച്ച 50 മണ്ഡലങ്ങളിലും അണ്ണാഡി.എം.കെ, ഡി.എംകെ പാര്‍ട്ടികള്‍ വിജയിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം യു.വാസുകി- മധുര വെസ്റ്റില്‍ പരാജയപ്പെട്ടു. നാം തമിഴര്‍ കക്ഷി അധ്യക്ഷന്‍ സീമാന്‍- കടലൂരില്‍ പിന്നിലായി. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റ് ഡോ.തമിഴിസൈ സൗന്ദര്‍ രാജന്‍ വിരുഗുംമ്പാക്കത്തും കേരളത്തിന്‍െറ ചുമതലയുള്ള എച്ച്. രാജ- ടി. നഗറില്‍ പരാജയപ്പെട്ടു. സ്വാധീനമുള്ള കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലും വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും പത്ത് കേന്ദ്രമന്ത്രിമാരും സംസ്ഥാനമെങ്ങും പര്യടനത്തിലത്തെിയിരുന്നു. വന്‍ തോതില്‍ പണം വാരി വിതറിയിട്ടും രക്ഷപിടിച്ചില്ല. യുക്തി സഹമായ പ്രകടന പത്രികയിലൂടെ ഇടം പിടിച്ച പട്ടാളി മക്കള്‍ കക്ഷിയില്‍ മുഖ്യമന്ത്ര ിസ്ഥാനാര്‍ഥിയും ധര്‍മ്മപുരി എം.പിയുമായ ഡോ. അന്‍പുമണി രാംദാസ് മണ്ഡലത്തില്‍പെട്ട പെണ്ണാഗരത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഒരുപക്ഷെ ലോക്സഭാംഗമായ ഒരാള്‍ തന്‍െറ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമാകുന്നത് രാജ്യത്താദ്യമാകാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാന കാലത്ത് ബദല്‍ മുന്നണികള്‍ ചിത്രത്തില്‍ നിന്ന് അവ്യക്തമാകുകയായിരുന്നു. വോട്ടിനെ നിര്‍ണയിക്കുന്നതില്‍ ശക്തിയായി മാറാന്‍ ഇവര്‍ക്കാര്‍ക്കും സാധിച്ചില്ല.
പഴം പാലില്‍ വീണിരുന്നെങ്കില്‍ ജയലളിത പുറത്ത്
ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചാണക്യന്‍ കലൈഞ്ജറുടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ പ്രശസ്തമായൊരു വാക്കുണ്ട്. ‘പഴം പാലില്‍ വീഴും’’. തെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങുന്നതിനിടെ അദ്ദേഹത്തിന്‍െറ ആഗ്രഹം ഫലിച്ചിരുന്നെങ്കില്‍ കേവല ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ച ജയലളിത പുറത്തിരിക്കേണ്ടി വന്നേനെ. വിജയകാന്താകുന്ന പഴം ഡി.എം.കെയാകുന്ന പാലില്‍ വീഴുമെന്നായിരുന്നു കലൈഞ്ജറുറെ ദീര്‍ഘവീക്ഷണം. എന്നാല്‍ മുഖ്യമന്ത്രി കസേര എന്ന വിജയകാന്തിന്‍െറ വാശിയും അധികാരം പങ്കിടാനില്ളെന്ന സ്റ്റാലിന്‍െറ പ്രസ്താവനയും അവരെ തമ്മിലകത്തി. ജനക്ഷേമ മുന്നണിയിലേക്ക് പോയ വിജയകാന്തിന്‍െറ മുന്നണിയില്‍ വന്‍ പൊട്ടിത്തെറിയാണുണ്ടായത്. കേവല ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ച ജയലളിതക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഡി.എം.കെ -ഡി.എം.ഡി.കെ സഖ്യത്തിനെ സാധിച്ചേനെ. എന്നാല്‍ ഇത് മുന്‍കൂട്ടി കാണാനുള്ള വീക്ഷണം കരുണാനിധിയില്‍ മാത്രം ഒതുങ്ങിയതാണ് ജയലളിതയുടെ ഭരണത്തുടര്‍ച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
