നീറ്റ്: ഇളവിന് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കും
text_fieldsന്യൂഡല്‍ഹി: മെഡിക്കല്‍ -ഡെന്‍റല്‍ കോഴ്സ് പ്രവേശത്തിന് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷ (നീറ്റ്) നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് താല്‍ക്കാലികമായി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. എന്‍ട്രന്‍സ് പരീക്ഷാ നടപടി പാതിവഴിയിലത്തെി നില്‍ക്കുന്നതിനിടെ ‘നീറ്റ്’ നടപ്പാക്കുന്നത് മൂലമുണ്ടാവുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തത്തെിയതിന്‍െറ പശ്ചാത്തലത്തിലാണിത്. സര്‍ക്കാര്‍- സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വോട്ടകളും ഈ വര്‍ഷത്തെ ‘നീറ്റി’ല്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രനീക്കം. എന്നാല്‍, ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നെങ്കിലും ഓര്‍ഡിനന്‍സ് സംബന്ധിച്ച് തീരുമാനമെടുത്തില്ല.
ഈ വര്‍ഷം തിടുക്കപ്പെട്ട് ‘നീറ്റ്’ നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. സമവായമുണ്ടാക്കാന്‍ കേന്ദ്രം സര്‍വകക്ഷിയോഗം വിളിച്ചെങ്കിലും സമാന വികാരമായിരുന്നു അവിടെയും പ്രതിഫലിച്ചത്. സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആശങ്കകളും നിര്‍ദേശങ്ങളും ന്യായമാണെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. ജൂലൈ 24ന് നടക്കാനിരിക്കുന്ന ‘നീറ്റ്’ രണ്ടാം ഘട്ടം യഥാസമയം നടക്കുമെന്നും മന്ത്രി പറഞ്ഞു.
ഭാഷ, സിലബസ് എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പരാതിരഹിതമായി അടുത്ത വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താനാണ് ശ്രമിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിനു മുമ്പാകെ ഈ വിഷയത്തില്‍ വാദം നടക്കാനിരിക്കുന്നതേയുള്ളൂ. സുപ്രീംകോടതി ഉത്തരവ് മറികടക്കുന്നതിന് ഓര്‍ഡിനന്‍സിറക്കിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ഈ സാഹചര്യത്തിലാണ് ചെറിയ ഇളവുമാത്രം നല്‍കി ഓര്‍ഡിനന്‍സ് തയാറാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
