നീറ്റ്: സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കും -കേന്ദ്രമന്ത്രി
text_fieldsന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലേക്ക് ഏകീകൃത പ്രവേശപരീക്ഷ (നീറ്റ്) നടത്തുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തുമെന്നും പരാതികളും ആശങ്കകളും പരിഹരിച്ച് നടപ്പാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചു. നീറ്റിനെതിരെ മുഖ്യമന്ത്രിമാരും എം.പിമാരും പ്രതിഷേധമറിയിച്ചതിനു പിന്നാലെ വിളിച്ചുചേര്‍ത്ത സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏകീകൃത പരീക്ഷയോട് ആര്‍ക്കും എതിര്‍പ്പില്ളെന്നും മെഡിക്കല്‍ പ്രവേശത്തില്‍ അനധികൃത ഇടപെടലുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും നീറ്റ് സഹായിക്കുമെന്ന നിലപാടാണ് മിക്ക മന്ത്രിമാരും സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട മറ്റു ചില വിഷയങ്ങളിലാണ് ഏറെ ആശങ്ക ഉയര്‍ന്നത്. 18 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് യോഗത്തിനത്തെിയത്. ഈ വര്‍ഷം നീറ്റ് നടത്തുന്നതിന്‍െറ അപ്രായോഗികതയാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. മിക്ക സംസ്ഥാനങ്ങളിലും പരീക്ഷയും മറ്റു നടപടികളും മുന്നോട്ടുപോയ സ്ഥിതിക്ക് ഏകീകൃത പരീക്ഷയാക്കുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
പരീക്ഷയുടെ സിലബസും ഭാഷയും സംബന്ധിച്ചും മന്ത്രിമാര്‍ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെച്ചു. ഇംഗ്ളീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. കോടതിവിധിയുണ്ടെങ്കിലും ഈ വര്‍ഷം നടപ്പാക്കുന്നത് ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന നിര്‍ദേശം ചില സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചു. പിന്നീട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും സമാന ആശങ്കകളാണ് ഉയര്‍ന്നത്. അതേസമയം, വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ളവര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
