തമിഴ്‌നാട്ടിൽ 570 കോടി രൂപ തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തു
text_fieldsകോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ മൂന്ന് കണ്ടെയ്‌നറുകളിലായി കടത്തുകയായിരുന്ന 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബാങ്കുകളുടെ പണം കൈമാറ്റം ചെയ്യുന്ന വാഹനത്തില്‍ നിന്നാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ ശാഖയില്‍ നിന്നും വിശാഖപട്ടണം ശാഖയിലേക്ക് 570 കോടി രൂപ കൊണ്ടു പോകുകയായിരുന്നുവെന്നാണ് വാഹനത്തിലെ ജീവനക്കാര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇവരുടെ കൈവശം ആവശ്യമായ രേഖകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
പെരുമനല്ലൂര്‍- കുന്നത്തൂര്‍ ബൈപ്പാസില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ധസൈനിക വിഭാഗം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പതിവ് വാഹനം പരിശോധനക്കിടെ ഇന്ന് രാവിലെയാണ് പണം പിടികൂടിയത്. മൂന്നു കാറുകളുടെ അകമ്പടിയോടെയായിരുന്നു കണ്ടെയ്‌നറുകള്‍ സഞ്ചരിച്ചിരുന്നത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിലുള്ളവരെ ചെങ്ങാപ്പള്ളിയില്‍ വെച്ച് പൊലീസ് പിടികൂടി. കാറിലുള്ളവര്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള പോലീസുകാരണ്. എന്നാല്‍ ഇവര്‍ യൂണിഫോമില്‍ ആയിരുന്നില്ല. കോയമ്പത്തൂര്‍ എസ്.ബി. ഐ ശാഖയില്‍ നിന്നും വിശാഖപട്ടണത്തേക്ക് പണം കൊണ്ടു പോകുകയായിരുന്നുവെന്നും അതിന് സുരക്ഷ ഒരുക്കുകയായിരുന്നു തങ്ങളെന്നുമാണ് ഇവര്‍ തമിഴ്നാട് പൊലീസിനോട് വ്യക്തമാക്കിയത്. എന്നാല്‍ ഇവരുടെ കൈവശം മതിയായ രേഖകള്‍ ഒന്നും തന്നെയില്ല. പിടിച്ചെടുത്ത വാഹനം തിരുപ്പൂര്‍ ജില്ലാ കളക്ട്രേറ്റിലേക്ക് കൊണ്ട് പോയി.
പൊലീസ് സുരക്ഷാ പരിശോധനക്കായി കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് കെള്ളക്കാരെന്ന് പേടിച്ചിട്ടാണെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് തടഞ്ഞതെന്ന് തങ്ങള്‍ക്കറിയില്ലെന്നുമാണ് പിടിയിലായവര്‍ വ്യക്തമാക്കിയത്. ബാങ്ക് അധികൃതരും കൂടുതല്‍ പൊലീസും സംഭവ സ്ഥലത്തെത്തി. മെയ് 16നാണ് തമിഴ്‌നാടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടർമാർക്കിടയിൽ പണം വിതരണം നടത്തുന്നതിൽ തമിഴ്നാടിന് കുപ്രസിദ്ധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
