സാമൂഹിക നീതി അട്ടിമറിച്ചു; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം
text_fieldsന്യൂഡല്‍ഹി: ലക്ഷക്കണക്കിനു പേരുടെ തൊഴിലുറപ്പ് വേതനത്തില്‍ കോടികളുടെ കുടിശ്ശിക വരുത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാലംഘനമാണ് നടത്തിയതെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ സാമുഹിക നീതി അട്ടിമറിച്ചു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് വകുപ്പില്ളെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു ക്ഷേമ രാഷ്ട്രത്തിന് ചേര്‍ന്നതല്ല ഇതെന്നും കോടതി വിമര്‍ശിച്ചു.
തൊഴിലുറപ്പ് വേതനം കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നും ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കുര്‍, എന്‍.വി. രമണ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് വിദഗ്ധ സമിതിയെ ബോധ്യപ്പെടുത്താവുന്ന യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള ബജറ്റ് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചു.
ആം ആദ്മി പാര്‍ട്ടി മുന്‍ നേതാക്കളായ യോഗേന്ദ്ര യാദവും അഡ്വ. പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന സ്വരാജ് അഭിയാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. തൊഴിലുറപ്പ് വേതനത്തിന്‍െറ വിതരണം താഴ്ന്നനിലയിലായതിന് സംസ്ഥാന സര്‍ക്കാറുകളുടെ പ്രകടനം മോശമാണെന്ന കാരണമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്. എന്നാല്‍, സ്വന്തം കൈകൊണ്ട് പണിയെടുക്കുന്ന തൊഴിലാളിയും സമൂഹവുമാണ് ഇത് സഹിക്കേണ്ടിവരുന്നതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
ഏപ്രില്‍ 11ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ള 11,030 കോടി രൂപ ഒരാഴ്ചക്കകം കൊടുക്കാമെന്നും മാര്‍ച്ച് 31 വരെ അവശേഷിക്കുന്ന 7983 കോടി രൂപയുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് വേതനമായി നല്‍കേണ്ട ഭീമമായ തുക നല്‍കിയിട്ടില്ളെന്ന് സമ്മതിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതില്‍ 2723 കോടി രൂപ വരള്‍ച്ചബാധിത സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് വേതനമാണെന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വരള്‍ച്ചബാധിത സംസ്ഥാനങ്ങളില്‍ സാധനസാമഗ്രികള്‍ വാങ്ങിയ വകയിലുള്ള 1995 കോടി രൂപയടക്കം മാര്‍ച്ച് 31ലെ 4359 കോടി കുടിശ്ശിക ജൂണില്‍ നല്‍കാമെന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് ഈ വേതനം നല്‍കാന്‍ ഇത്രയും കാലതാമസമെന്ന് സുപ്രീംകോടതി ചോദിച്ചു.
വോട്ട് ഓണ്‍ അക്കൗണ്ടിന്‍െറയും ബജറ്റിന്‍െറയും സാങ്കേതികത്വം തള്ളിയ സുപ്രീംകോടതി വേതനം വൈകിയതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്ന് വ്യക്തമാക്കി. വൈകിയ വേതനത്തിന് നഷ്ടപരിഹാരമായി 16ാം ദിവസം മുതല്‍ നല്‍കാത്ത വേതനത്തിന്‍െറ 0.05 ശതമാനം നല്‍കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. 15 ദിവസത്തിനകം തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴിലാളിക്ക് പണി നല്‍കിയില്ളെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കണമെന്നും വ്യവസ്ഥയുള്ളതാണ്. തൊഴിലാളിക്ക് മിനിമം വേതനം നല്‍കാതിരിക്കുന്നത് നിര്‍ബന്ധിത തൊഴിലായി പരിഗണിക്കുമെന്നും വിധി തുടര്‍ന്നു.
തൊഴിലുറപ്പ് ഫണ്ടിന് അനൗദ്യോഗികമായി വെച്ച പരിധി, വേതനവും സാധനസാമഗ്രികളുടെ പണവും വൈകുന്നത്, ഫലപ്രദമല്ലാത്ത പദ്ധതി മേല്‍നോട്ടം എന്നീ പ്രശ്നങ്ങളാണ് തൊഴിലുറപ്പ് പദ്ധതി നേരിടുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
