ജെ.എന്‍.യു: വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിക്ക് ഹൈകോടതി സ്‌റ്റേ
text_fieldsന്യൂഡല്‍ഹി: അഫ്സല്‍ അനുസ്മരണ ചടങ്ങൂമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ അധികൃതര്‍ പ്രഖ്യാപിച്ച പുറത്താക്കലും പിഴ ഈടാക്കലും ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തു. നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ വാഴ്സിറ്റി അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിച്ച അപ്പീലുകള്‍ തീര്‍പ്പാക്കുന്നതു വരെയാണ് സ്റ്റേ. ശിക്ഷാ നടപടികളില്‍ പ്രതിഷേധിച്ച് നടത്തിവരുന്ന അനിശ്ചിത കാല നിരാഹാര സമരം പിന്‍വലിക്കാനും കോടതി വിദ്യാര്‍ഥികളോട് വാക്കാല്‍ നിര്‍ദേശിച്ചു. സമര പരിപാടികള്‍ നടത്തില്ളെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് ഉറപ്പും വാങ്ങിയിട്ടുണ്ട്.
വാഴ്സിറ്റിയില്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട വൈസ്ചാന്‍സലര്‍ വിദ്യാര്‍ഥികളുടെ അപേക്ഷ തള്ളിയാലും സ്റ്റേ രണ്ടാഴ്ച കൂടി തുടരും. ഈ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും ഹൈകോടതിയെ സമീപിക്കാം. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ നല്‍കിയ ഹരജിയാണ് കോടതി ഇന്നു പരിഗണിച്ചത്. കാമ്പസില്‍ നിന്ന് പുറത്താക്കാന്‍ വിധിക്കപ്പെട്ട ഉമര്‍ ഖാലിദ് അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ നല്‍കിയ ഹരജിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജറാക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അനിര്‍ബന്‍, ഉമര്‍, മുജീബ് ഗട്ടു എന്നിവരെ പുറത്താക്കാനും കനയ്യക്ക് പിഴ ചുമത്താനും ചിലരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനും പിഴ ഈടാക്കാനും മറ്റുമാണ് ഉന്നത തല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വാഴ്സിറ്റി തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തി വരുന്ന നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടിരുന്നു.