സിവില്‍ സര്‍വിസില്‍ രണ്ടാം റാങ്കുമായി കശ്മീരില്‍ നിന്ന് 22കാരന്‍
text_fieldsശ്രീനഗര്‍: 2015ലെ സിവില്‍ സര്‍വിസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരനായ കശ്മീര്‍ സ്വദേശി അത്താര്‍ ആമിറുല്‍ ഷാഫി ഖാന്‍െറ വിജയത്തിന് തിളക്കമേറെ. 22ാം വയസ്സില്‍ പരീക്ഷയെഴുതിയ അത്താര്‍ ജമ്മു-കശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ് ഓഫിസര്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്.
2014ലെ പരീക്ഷയില്‍ ലഭിച്ച 560ാം റാങ്കില്‍ തൃപ്തനാവാത്തതിനാലായിരുന്നു അത്താറിന്‍െറ രണ്ടാം ശ്രമം. ഈ വര്‍ഷം കശ്മീരില്‍നിന്നുള്ള 10 വിദ്യാര്‍ഥികള്‍ക്കാണ് ഐ.എ.എസ് ലഭിച്ചത്. ഹിമാചല്‍പ്രദേശിലെ മാണ്ടി ഐ.ഐ.ടിയില്‍നിന്ന് ബിരുദം കരസ്ഥമാക്കിയ അത്താര്‍ ഒട്ടേറെ മള്‍ട്ടിനാഷനല്‍ കമ്പനികളില്‍നിന്ന് ജോലിക്കായി വിളിവന്നപ്പോഴും സിവില്‍ സര്‍വിസ് എന്ന സ്വപ്നത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സാധാരണ ഗ്രാമത്തില്‍ വളര്‍ന്ന അത്താര്‍ പങ്കെടുത്ത മത്സരപരീക്ഷകളിലൊക്ക ഉന്നതവിജയം നേടിയിട്ടുണ്ട്.
ജീവിതത്തില്‍ നല്ലകാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹവും കഠിനപ്രയത്നവും രക്ഷിതാക്കളുടെ പിന്തുണയുമാണ് തന്‍െറ വിജയത്തിനു പിന്നിലെന്ന് അത്താര്‍ പറഞ്ഞു. അധ്യാപകരും സുഹൃത്തുക്കളും ഏറെ സഹായിച്ചു. മുത്തച്ഛനാണ് ഏറ്റവും വലിയ പ്രചോദനം. അദ്ദേഹത്തിന്‍െറ ചുറുചുറുക്കും കഠിനാധ്വാനവും ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി തന്‍െറ കഴിവിന്‍െറ പരമാവധി പ്രയത്നിക്കുമെന്നും അത്താര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
