ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സർക്കാർ വിശ്വാസവോട്ട് നേടി; കേന്ദ്രത്തിന് തിരിച്ചടി
text_fieldsന്യൂഡല്‍ഹി: വിശ്വാസ വോട്ടെടുപ്പിനു തൊട്ടുതലേന്ന് കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മോദിസര്‍ക്കാറിന് ഉത്തരാഖണ്ഡില്‍നിന്ന് കനത്ത തിരിച്ചടി. നീതിപീഠത്തിന്‍െറ ഇടപെടലിനെ തുടര്‍ന്ന് ചൊവ്വാഴ്ച നിയമസഭയില്‍ നടന്ന സുപ്രധാനമായ വിശ്വാസ വോട്ടെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് മേല്‍ക്കൈ നേടി.
രാവിലെ ഒന്നര മണിക്കൂര്‍ നീണ്ട വോട്ടെടുപ്പു നടപടിക്രമങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് മുദ്രവെച്ച കവറില്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് സുപ്രീംകോടതി തന്നെയാണ് വോട്ടെടുപ്പു ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പു കഴിഞ്ഞ് നിയമസഭയില്‍നിന്ന് പുറത്തുവന്ന മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അടക്കമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരല്ലാതെ, ബി.ജെ.പിക്കാര്‍ ജയം അവകാശപ്പെട്ടില്ല.
സുപ്രീംകോടതി നിര്‍ദേശപ്രകാരം രണ്ടു മണിക്കൂര്‍ സമയത്തേക്ക് രാഷ്ട്രപതിഭരണം പിന്‍വലിച്ച്, പരമോന്നത നീതിപീഠം നിയോഗിച്ച നിരീക്ഷകന്‍െറ സാന്നിധ്യത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഹരീഷ് റാവത്തിന് 33ഉം ബി.ജെ.പിക്ക് 28ഉം വോട്ടു കിട്ടിയെന്നാണ് ഇരുപക്ഷത്തിന്‍െറയും വിശദീകരണങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. ബി.ജെ.പിയെ പിന്തുണക്കുന്ന ഒമ്പത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നടത്തിയ തീവ്രശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അവര്‍ക്ക് അയോഗ്യത കല്‍പിച്ച ഹൈകോടതി വിധിയില്‍ ഇടപെടാന്‍ സുപ്രീംകോടതി തയാറായിരുന്നില്ല.
ബി.ജെ.പിയുടെ ഭീംലാല്‍ ആര്യ കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്‍െറ രേഖാ ആര്യ ബി.ജെ.പിക്കും വോട്ടു മറിച്ചുകുത്തിയെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിനു കിട്ടിയ 33ല്‍ ആറു വോട്ട് ചെറുകക്ഷികളുടെ സഖ്യമായ പി.ഡി.എഫിന്‍െറതാണ്. ബി.എസ്.പി-2, യു.കെ.ഡി-1, സ്വതന്ത്രര്‍-3 എന്നിവരാണ് പി.ഡി.എഫിലുള്ളത്. 28 വരെ സീറ്റുകള്‍ മാത്രമാണ് ബി.ജെ.പി അവകാശപ്പെട്ടത്. കനത്ത സുരക്ഷാവലയത്തിലായിരുന്നു നിയമസഭാ കെട്ടിടം. എം.എല്‍.എമാര്‍ക്കും ജീവനക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കും പ്രവേശം അനുവദിച്ചില്ല. അസംബ്ളി മന്ദിരത്തിന് പുറത്തായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാനം.
ഉത്തരാഖണ്ഡിലെ അനിശ്ചിതത്വം ബുധനാഴ്ച തീരുമെന്ന് വോട്ടെടുപ്പിനുശേഷം മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. ജനാധിപത്യത്തിന്‍െറ വിജയമാണ് ഉത്തരാഖണ്ഡിലേതെന്ന് എ.ഐ.സി.സി വക്താവ് അഭിഷേക് സിങ്വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പരം കുതിരക്കച്ചവടം ആരോപിക്കുന്നതിനിടയിലാണ്, വിശ്വാസ വോട്ടെടുപ്പിന്‍െറ ഫലത്തിന് ഒരു ദിവസം കൂടി കാത്തുനില്‍ക്കാന്‍ ക്ഷമ കാണിക്കാതെ മാര്‍ച്ച് 28ന് കേന്ദ്രമന്ത്രിസഭ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് തീരുമാനിച്ചത്. തുടര്‍ന്നുണ്ടായ നിരവധി വഴിത്തിരിവുകള്‍ക്കുശേഷമാണ് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
ഒരു സര്‍ക്കാറിന്‍െറ ഭൂരിപക്ഷം നിയമസഭയിലാണ് തെളിയിക്കപ്പെടേണ്ടതെന്ന കോടതിവിധികള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന സംഭവവികാസങ്ങളാണ് വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിശ്വാസവോട്ടു തേടാന്‍ ഒരു സര്‍ക്കാറിനുള്ള അവകാശം കോടതി വ്യവഹാരങ്ങളില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയും ചെയ്തു. നിയമസഭയില്‍ സ്പീക്കര്‍ അയോഗ്യത കല്‍പിച്ചവരുടെ കാര്യത്തില്‍ സഭാധ്യക്ഷനുള്ള പരമാധികാരവും കോടതികള്‍ ശരിവെക്കുകയാണുണ്ടായത്.
ഒമ്പതു വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാർച്ച് 18 ന് ബിെജപിയുമായി ചേർന്നതോടെയാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. മാര്‍ച്ച് 28ന് വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം അട്ടിമറിച്ച് തലേദിവസം കേന്ദ്രസർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
