മറുപടി പറയാന്‍ മന്ത്രിയില്ല; ലോക്സഭയില്‍ സര്‍ക്കാര്‍ വെട്ടിലായി
text_fields
ന്യൂഡല്‍ഹി: ചോദ്യത്തിന് മറുപടി പറയാന്‍ റെയില്‍വേ മന്ത്രി ഹാജരില്ലാത്തത് ലോക്സഭയില്‍ സര്‍ക്കാറിനെ വെട്ടിലാക്കി. മന്ത്രിയുടെ അസാന്നിധ്യത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്പീക്കര്‍ സുമിത്ര മഹാജന് സര്‍ക്കാറിന്‍െറ നടപടിയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഇതോടെ പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ക്ഷമാപണം നടത്തി തടിയൂരി. റെയില്‍വേ സ്മാര്‍ട്ട് കാര്‍ഡ് സംബന്ധിച്ച ചോദ്യം സഭയുടെ അജണ്ടയിലുള്പ്പെടുത്തിയിരുന്നു. റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ചോദ്യത്തിന് മറുപടി പറയുമെന്നാണ് സ്പീക്കറെ അറിയിച്ചിരുന്നത്.
സഭയിലുണ്ടായിരുന്ന മന്ത്രി സിന്‍ഹ പക്ഷേ, ചോദ്യമുന്നയിക്കുന്നതിന് മുമ്പ് സ്ഥലംവിട്ടു. ചോദ്യത്തിന് വിളിച്ചപ്പോള്‍ മറുപടി പറയാന്‍ മന്ത്രിയില്ളെന്ന് കണ്ടതോടെ കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിഷേധവുമായി എഴുന്നേറ്റു. സഭയോട് സര്‍ക്കാറിന്‍െറ അനാദരവാണിതെന്നും ഇത് ആദ്യത്തേതല്ളെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
