Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദ് സര്‍വകലാശാലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ രാധിക വെമുല ആശുപത്രിയില്‍

text_fields
bookmark_border
ഹൈദരാബാദ് സര്‍വകലാശാലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ രാധിക വെമുല ആശുപത്രിയില്‍
cancel

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ സമരക്കാര്‍ക്കു നേരെ അധികൃതരുടെയും പൊലീസിന്‍റെയും ക്രൂരത തുടരുന്നു. സമരത്തിന് അഭിവാദ്യം അര്‍പിക്കാന്‍ എത്തിയ രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയെ സര്‍വകലാശാലയുടെ പ്രധാന ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് രക്തസമ്മര്‍ദ്ദം അധികരിച്ച് അവശയായ രാധികയെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയുള്ള കോണ്ടിനന്‍റില്‍ ആശുപത്രിയില്‍ ആണ് അവരെ പ്രവേശിപ്പിച്ചത്.

ഭക്ഷണവും വെള്ളവും നിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധം കനക്കുകയാണ്. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സര്‍വകലാശാല വിസിറ്റര്‍ കൂടിയായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കി. ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ടതില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്മീഷന്‍ വി സിയോട് വിശദീകരണം തേടി.

മാധ്യമപ്രവര്‍ത്തകരടക്കം പുറത്ത് നിന്നുള്ള ഒരാളേയും ക്യാംപസിനകത്ത് കടക്കാന്‍ അനുവദിക്കാതെ സമരത്തെ നേരിടാനാണ് അധികൃതരുടെ നീക്കം. പൊലീസ് നടപടിയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ഉദയഭാനു ഇപ്പോഴും ഐ.സി.യുവില്‍ തുടരുകയാണ്. സമരത്തിനിടെ അറസ്റ്റിലായ ഒന്‍പത് മലയാളികളുള്‍പ്പെടെ 27വിദ്യാര്‍ഥികളുടെയും രണ്ട് അധ്യാപകരുടെയും ജാമ്യഹരജി മിയാപൂര്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും. ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ ആദിത്യന്‍, മാത്യു ജോസഫ്, മുഹമ്മദ് അജ്മല്‍, ആഷിഖ് മുഹമ്മദ്, എസ്.ഐ.ഒ യൂനിറ്റ് സെക്രട്ടറി ഇ.കെ. റമീസ്, മുന്‍സിഫ്, മുഹമ്മദ് ഷാ, ശ്രീരാഗ്, ദീപക് എന്നിവരാണ് കസ്റ്റഡിയിലുള്ള മലയാളി വിദ്യാര്‍ഥികള്‍.

അതിനിടെ, വി.സിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മോചിപ്പിക്കണമെന്നും രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ വി.സി അപ്പറാവു രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story