കൊൽക്കത്തയിൽ വോളിബോൾ കളിക്കാരിയെ വെട്ടിക്കൊന്നു
text_fieldsകൊൽക്കത്ത: കൊൽക്കത്തയിൽ സഹകളിക്കാരായ മുപ്പതോളം വിദ്യാർഥിനികളുടെ മുന്നിൽ വെച്ച് വോളിബോൾ കളിക്കാരിയെ യുവാവ് വെട്ടിക്കൊന്നു. സംഗീത അയ്ക്ക് (14) എന്ന ഒൻപതാംക്ളാസുകാരിയെ നാട്ടുകാരനായ സുബ്രത സിൻഹയാണ് ക്രൂരമായി വെട്ടിക്കൊന്നത്. പെൺകുട്ടി ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു. സുബ്രത സിൻഹ പിന്നീട് പൊലീസിൽ കീഴടങ്ങി.
വോളിബോൾ മത്സരത്തിനായുള്ള പരിശീലനത്തിനിടെ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സുബ്രത സിൻഹ വെട്ടുകത്തിയുമായി ഓടിയെത്തുന്നത് ശ്രദ്ധയിൽ പെട്ട കോച്ച് കസേരയെറിഞ്ഞ് സംഗീതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അക്രമിയെ കണ്ട പെൺകുട്ടി വോളിബോൾ ഗ്രൗണ്ടിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പുറകിൽ നിന്നും വെട്ടുകയായിരുന്നു. തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണ സംഗീതയെ അക്രമി നിരവധി തവണ വെട്ടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഭയാനക ദൃശ്യം കണ്ടുനിന്ന പെൺകുട്ടികളിൽ പലരും കുഴഞ്ഞുവീണു. അക്രമിയുടെ അടുത്തേക്ക് വരാൻ പ്രദേശവാസികളും ധൈര്യപ്പെട്ടില്ല. പിന്നീട് കൊലപാതകി ഓടി രക്ഷപ്പെട്ടതിന് ശേഷമാണ് സംഗീതയെ ആശുപത്രിയിലെത്തിക്കാനായത്.
ഗ്രൗണ്ടിനടുത്ത് തട്ടുകട നടത്തുന്ന അമ്മാവനാണ് സംഗീതയെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ ഇദ്ദേഹം ചോരയിൽ കുളിച്ച് മൈതാനത്ത് മണ്ണിൽ കിടക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്. പെൺകുട്ടിയെ താങ്ങിയെടുത്ത് റോഡിലെത്തി നിരവധി റിക്ഷാഡ്രൈവർമാരോടും സഹായമഭ്യർഥിച്ചെങ്കിലും ആരും തയ്യാറായില്ലെന്നും ഇദ്ദേഹം പറഞ്ഞു. അവസാനം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സംഗീത മരണത്തിന് കീഴടങ്ങിയിരുന്നു.
പ്രണയനൈരാശ്യമാണോ കൊലപാതകത്തിന് പ്രേരണയായത് എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സുബ്രതോ പെൺകുട്ടിയെ ശല്യം ചെയ്യുന്നതായി സംഗീതയുടെ മാതാപിതാക്കൾ പൊലീസിൽ പലതവണ പരാതിപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
