ഉത്തരാഖണ്ഡ്: വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹൈകോടതിയില്‍
text_fieldsഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തങ്ങള്‍ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയ നടപടിക്കെതിരെ കോണ്‍ഗ്രസിന്‍െറ ഒമ്പതു വിമത എം.എല്‍.മാര്‍ ഹൈകോടതിയെ സമീപിച്ചു. വിമത എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറാനുള്ള നീക്കം ചോദ്യംചെയ്തും സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടുമാണ് സ്പീക്കര്‍, മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ചീഫ് വിപ്പിന്‍െറ ആവശ്യപ്രകാരമായിരുന്നു നോട്ടീസ്. വെള്ളിയാഴ്ചക്കകം മറുപടിനല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, വിശദീകരണം നല്‍കുന്നതിനുപകരം എം.എല്‍.എമാര്‍ നൈനിറ്റാളിലെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വെള്ളിയാഴ്ച കോടതി അവധിയായിട്ടും ജസ്റ്റിസ് യു.സി. ധയാനി ഇവരുടെ പരാതി ഫയലില്‍ സ്വീകരിച്ചു. തിങ്കളാഴ്ച സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് വിമത എം.എല്‍.എമാരുടെ അപ്രതീക്ഷിത നീക്കം. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനും പ്രതിപക്ഷമായ ബി.ജെ.പിക്കും 27സീറ്റ് വീതമാണുള്ളത്.
ഇതില്‍ ഒമ്പതു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിപക്ഷത്തെ പിന്തുണക്കുമ്പോള്‍ ഒരു ബി.ജെ.പി വിമതന്‍ ഭരണകക്ഷി പാളയത്തിലുമുണ്ട്. കേവലഭൂരിപക്ഷത്തിനുവേണ്ട 36 എം.എല്‍.എമാര്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍, ഭൂരിപക്ഷം തെളിയിക്കല്‍ സാങ്കേതികം മാത്രമാണെന്നും വിമത എം.എല്‍.എമാരെ കൂറുമാറ്റ നിരോധപ്രകാരം അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കിഷോര്‍ ഉപാധ്യായ പറഞ്ഞു. അതേസമയം, മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം നിലനിര്‍ത്താനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
