പുണെ ഫെര്‍ഗൂസന്‍ കോളജിലും പ്രതിഷേധം, സംഘര്‍ഷം
text_fieldsമുംബൈ: രാജ്യത്തെ ആദ്യ സ്വകാര്യ കലാലയമായ പുണെ ഫെര്‍ഗൂസന്‍ കോളജിലും വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം. ചൊവ്വാഴ്ച കാമ്പസില്‍ എ.ബി.വി.പി സംഘടിപ്പിച്ച ‘ജെ.എന്‍.യുവിലെ യാഥാര്‍ഥ്യം’ പരിപാടിയിലേക്ക് രോഹിത് വെമുല, കനയ്യ കുമാര്‍ എന്നിവര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികളത്തെിയതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്.
ഫാഷിസം, ആര്‍.എസ്.എസ്, നരേന്ദ്ര മോദി എന്നിവരില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി. ബി.ആര്‍ അംബേദ്കറുടെ ചെറുമകന്‍െറ മകന്‍ സുജാത് അംബേദ്കറുടെ നേതൃത്വത്തില്‍ ദലിത് വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്.
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും പ്രിന്‍സിപ്പാള്‍ ഡോ. ആര്‍.ജി. പര്‍ദേശി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ളെന്ന് പ്രതിഷേധക്കാരും അവരെ പിന്തുണച്ച് എ.ബി.വി.പിക്കാരും രംഗത്തുവന്നതോടെ പരാതിയില്‍ അക്ഷരപ്പിശകായിരുന്നുവെന്ന് പറഞ്ഞ് പ്രിന്‍സിപ്പാളിന് ബുധനാഴ്ച പരാതി പിന്‍വലിക്കേണ്ടിവന്നു. സംഭവസ്ഥലത്തില്ലാതിരുന്ന താന്‍ പരാതി ഫോണിലൂടെ പറഞ്ഞുകൊടുക്കുകയായിരുന്നുവെന്നും ആശയക്കുഴപ്പം സംഭവിച്ചതാണെന്നും പര്‍ദേശി പറഞ്ഞു.
എന്നാല്‍, ‘പതിത് പാവന്‍’ സംഘടനാപ്രതിനിധികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതെന്ന് സുജാത് അംബേദ്കര്‍ ആരോപിച്ചു.
പതിത് പാവന്‍ പ്രതിനിധികള്‍ പ്രിന്‍സിപ്പലുമായി തര്‍ക്കിക്കുന്ന ദൃശ്യം മറാത്തി ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. എ.ബി.വി.പിക്കാര്‍ തങ്ങളെ പിന്തുണച്ചത് കൗതുകമുണ്ടാക്കിയെന്നും സുജാത് കൂട്ടിച്ചേര്‍ത്തു.
അംബേദ്കറുടെ പേരക്കുട്ടിയും ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനുമായ പ്രകാശ് അംബേദ്കറുടെ മകനാണ് സുജാത്.
എ.ബി.വി.പി ജെ.എന്‍.യു യൂനിറ്റ് പ്രസിഡന്‍റ് അലോക് സിങ് ജെ.എന്‍.യു സംഭവങ്ങള്‍ വിവരിച്ച പരിപാടിയിലേക്കാണ് സുജാതും മറ്റ് 30 ഓളം വിദ്യാര്‍ഥികളും മുദ്രാവാക്യങ്ങള്‍ മുഴക്കി കടന്നുചെന്നത്.
ഇതിനിടെ, ബുധനാഴ്ച വൈകീട്ട് കാമ്പസ് സന്ദര്‍ശിക്കാനത്തെിയ എന്‍.സി.പി നേതാവും എം.എല്‍.എയുമായ ജിതേന്ദ്ര അവാദിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
