ഭക്ഷ്യ പാക്കറ്റില്‍ ആരോഗ്യ മുന്നറിയിപ്പ് പരിഗണനയില്‍
text_fieldsന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമെന്ന് ബീഡി-സിഗരറ്റ് പാക്കുകളില്‍ മുന്നറിയിപ്പു നല്‍കുന്ന മാതൃകയില്‍ ആരോഗ്യത്തിന് ഗുണമോ ദോഷമോ എന്നു വ്യക്തമാക്കാന്‍ ഭക്ഷ്യ ഉല്‍പാദകരോട് നിര്‍ദേശിക്കാന്‍ ആലോചിക്കുന്നതായി ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാംവിലാസ് പാസ്വാന്‍. ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റില്‍ വായിക്കാവുന്ന വലുപ്പത്തില്‍ അവയിലെ പോഷകമൂല്യം രേഖപ്പെടുത്തണമെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. കോഴിയിലും പച്ചക്കറിയിലും മറ്റു ഭക്ഷ്യവസ്തുക്കളിലും ആന്‍റിബയോട്ടിക്കുകളുടെ പ്രയോഗം അപകടകരമായ തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഇതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വ്യാജ അവകാശവാദങ്ങളോടെയുള്ള പരസ്യങ്ങള്‍ തടയുന്നതുള്‍പ്പെടെ വ്യവസ്ഥകളോടെ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമം ഏറെ വൈകാതെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പന്നത്തെക്കുറിച്ച് രാജ്യത്തിന്‍െറ ഏതു കോണില്‍നിന്നും പരാതി നല്‍കാനാവും. സാധനം വാങ്ങിയതിന്‍െറ രേഖകള്‍ സൂക്ഷിക്കേണ്ടത് വ്യാപാരിയുടെ ഉത്തരവാദിത്തമാവും. ഇതിനായി ഇ-വാറന്‍റി ഏര്‍പ്പെടുത്തും. ഇ-കോമേഴ്സ് വെബ്സൈറ്റുകള്‍ വഴി വാങ്ങിയ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള പരാതികളും നല്‍കാനാവും. പ്രഖ്യാപിത നിലവാരമുള്ള വസ്തുക്കളോ സേവനങ്ങളോ അല്ല നല്‍കുന്നതെങ്കില്‍ ഉല്‍പന്നം വാങ്ങുംമുമ്പും പരാതി നല്‍കാം.
തര്‍ക്കപരിഹാര ഫോറങ്ങള്‍ കമീഷന്‍ എന്നാവും അറിയപ്പെടുക. ഒരു കോടി രൂപ വരെയുള്ള തര്‍ക്കങ്ങള്‍ ജില്ലാ കമീഷനിലും 10 കോടി വരെ സംസ്ഥാന കമീഷനിലും അതിനു മുകളില്‍ ദേശീയ കമീഷനിലും പരിഗണിക്കും. അഭിഭാഷകന്‍െറ സഹായമില്ലാതെ നേരിട്ടും കേസ് വാദിക്കാം. കേസുകള്‍ അനന്തമായി നീളുന്നതിനു പ്രതിവിധിയായി ഫോറത്തിനു പുറത്ത് ഒത്തുതീര്‍പ്പാക്കാനും സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
