ക്ഷയരോഗ പ്രതിരോധ മരുന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും
text_fieldsന്യൂഡല്‍ഹി: ലോക ക്ഷയരോഗദിനമായ മാര്‍ച്ച് 24നുമുമ്പ് ക്ഷയരോഗത്തെ ചെറുക്കുന്ന മരുന്നായ ‘ബെടാക്വലിന്‍’ പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ക്ഷയരോഗത്തെ പ്രതിരോധിക്കുന്ന ഒരു മരുന്നിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍െറ അംഗീകാരം ലഭിക്കുന്നത്. പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാവും മരുന്ന് വിതരണമെന്നാണ് സൂചന. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഗുവാഹതി, അഹ്മദാബാദ് എന്നിവിടങ്ങളിലായി ആറു സര്‍ക്കാര്‍ ആശുപത്രികളിലാവും മരുന്ന് ലഭിക്കുക. എം.ഡി.ആര്‍ (മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ്) ക്ഷയരോഗത്തിനെതിരായ മരുന്നുകളില്‍ താരതമ്യേന മെച്ചപ്പെട്ട ഫലം നല്‍കുന്ന മരുന്നാണ് ‘സിര്‍ട്യുറോ’ എന്ന വ്യാപാരനാമത്തില്‍ അറിയപ്പെടുന്ന ബെടാക്വലിന്‍. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യമായ ഇന്ത്യയില്‍ 2.5 ദശലക്ഷം രോഗികളുണ്ടെന്നാണ് കണക്ക്.