രാജ്യസഭയില്‍ ആധാര്‍ ബില്ലിന് പ്രതിപക്ഷ ഭേദഗതി
text_fieldsന്യൂഡല്‍ഹി: ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ഭരണപക്ഷം അനായാസം പാസാക്കിയ ആധാര്‍ ബില്ലിന് രാജ്യസഭയില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. രാജ്യസഭയുടെ അംഗീകാരം ഇല്ലാതെതന്നെ ആധാര്‍ ബില്‍ പാസാക്കാന്‍ ധന വിനിയോഗ ബില്‍ എന്ന കുറുക്കുവഴി സ്വീകരിച്ച സര്‍ക്കാറിനെ വെട്ടിലാക്കുന്ന കരുനീക്കമാണിത്.
രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തിന്‍െറ ആദ്യപാദം ബുധനാഴ്ച സമാപിക്കും. ഏപ്രില്‍ 25നു മാത്രമാണ് രണ്ടാംപാദ സമ്മേളനം തുടങ്ങുന്നത്. ബുധനാഴ്ചതന്നെ ആധാര്‍ ബില്‍ രാജ്യസഭയില്‍നിന്ന് കടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തവിധം ഭേദഗതി നിര്‍ദേശങ്ങളില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനാണ് സി.പി.എമ്മിന്‍െറയും മറ്റും ശ്രമം. രാജ്യസഭയുടെ ഭേദഗതി നിര്‍ദേശം ലോക്സഭക്ക് പരിഗണിക്കേണ്ട സ്ഥിതി ഉണ്ടായാല്‍ ആദ്യപാദ സമ്മേളനത്തില്‍ ആധാര്‍ ബില്‍ പാസാവില്ല. രണ്ടാം ഘട്ടം തുടങ്ങുമ്പോഴേക്ക് കോടതിയെ സമീപിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ദേശിക്കുന്നു. ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് രാജ്യസഭയില്‍ പാസായാല്‍ ലോക്സഭയുടെകൂടി അംഗീകാരത്തിന് അയക്കേണ്ട സ്ഥിതി സര്‍ക്കാറിന് ഉണ്ടാകും. കോണ്‍ഗ്രസിന്‍െറയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ തേടുന്നുണ്ടെന്നും സി.പി.എം നേതാവ് പറഞ്ഞു. ഭേദഗതി നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് യെച്ചൂരി വെളിപ്പെടുത്തിയില്ല. ലോക്സഭ പാസാക്കുന്ന ധന വിനിയോഗ ബില്‍ രാജ്യസഭ 14 ദിവസത്തിനുശേഷം തിരിച്ചയക്കണമെന്നാണ് ചട്ടം. ധന വിനിയോഗ ബില്‍ ഭേദഗതി ചെയ്യാന്‍ രാജ്യസഭക്ക് അവകാശമില്ല.
എന്നാല്‍, ഭേദഗതി നിര്‍ദേശം മുന്നോട്ടുവെക്കാം. അത് ലോക്സഭക്ക് തള്ളാം; പക്ഷേ, പരിഗണിക്കേണ്ടി വരും. സമ്മേളനത്തിന്‍െറ അവസാന ദിവസമായതിനാല്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നു വരില്ല.ബുധനാഴ്ച പാര്‍ലമെന്‍റിന്‍െറ ഇരു സഭകളിലെയും അംഗങ്ങള്‍ ദിവസം മുഴുവന്‍ ഹാജരുണ്ടായിരിക്കണമെന്ന് ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
