ആഗ്ര: മന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടി വാഹനമിടിച്ച് കൊല്ലപ്പെട്ട ആഗ്ര സ്വദേശിയുടെ കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. സംഭവത്തിൽ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം സമരത്തിനൊരുങ്ങുന്നത്. മാർച്ച് അഞ്ചിനാണ് യമുന എക്സ്പ്രസ് വേയിൽ വെച്ച് ആഗ്ര സ്വദേശി ഡോ. രമേശ് നാഗറിനെ മന്ത്രിയുടെ കാർ ഇടിച്ചുവീഴ്ത്തിയത്. മന്ത്രി കാർ നിറുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ പിതാവ് രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ മകൻ അഭിഷേക് പറഞ്ഞു. മരിച്ചയാളെ തിരിഞ്ഞുനോക്കാതെ പോയ മന്ത്രിയുടെ നടപടിയിൽ സോഷ്യൽ മീഡിയിയിലും വലിയ പ്രതിഷേധമുയർന്നിരുന്നു.
എന്നാൽ മന്ത്രിയുടെ വാഹനവ്യൂഹം എത്തിച്ചേരുന്നതിന് 20 മിനിട്ട് മുൻപ് തന്നെ അപകടം നടന്നിരുന്നുവെന്നും പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ബി.ജെ.പി വ്യക്തമാക്കി. അപകടത്തെക്കുറിച്ച് മഥുര എസ്.പിയെ വിവരമറിയിച്ചത് മന്ത്രിയാണെന്നും പരിക്കേറ്റവരെ സഹായിക്കാനും ആശുപത്രിയിലെത്തിക്കാനും സഹായിക്കണമെന്ന് ബി.ജെ.പി പ്രവർത്തകരോട് മന്ത്രി നിർദേശിച്ചിരുന്നതായും പാർട്ടി വക്താവ് അറിയിച്ചു.
അതേസമയം, സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന് ഉത്തരവാദി ഡിംപിൾ അറോറയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മഥുര പൊലീസ് സുപ്രണ്ട് പറഞ്ഞു. ഹോണ്ട സിറ്റി കാർ ഓടിച്ച ഡൽഹി സ്വദേശിനിയായ ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.