വിദ്വേഷപ്രസംഗം: സുപ്രീംകോടതിക്ക് പ്രമുഖരുടെ നിവേദനം
text_fields
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയവിദ്വേഷവും ആക്രമണവും അഴിച്ചുവിടാന്‍ ആഹ്വാനംചെയ്ത് വിദ്വേഷപ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നിവേദനം. ആഗ്രയില്‍ ഈയിടെനടന്ന ഒരു ചടങ്ങില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെ വിവിധ സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിയ ആക്രമണ ആഹ്വാനത്തിന്‍െറ പശ്ചാത്തലത്തില്‍ മുന്‍ ജഡ്ജിമാരും ഐ.പി.എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘമാണ് കോടതിക്കുമുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ സാഹോദര്യം വളര്‍ത്താന്‍ ശ്രമിക്കുക എന്ന ഭരണഘടനാബാധ്യത ലംഘിച്ച് ആക്രമണം പ്രോത്സാഹിപ്പിച്ച മന്ത്രിമാര്‍, എം.പി, എം.എല്‍.എ തുടങ്ങിയവര്‍ ശിക്ഷിക്കപ്പെടണം. രാജ്യത്തെ ദലിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കെതിരെയാണ് കൊലവിളി ഉയരുന്നത്. ഇത് ആ സമൂഹങ്ങളെ കടുത്ത ഭീതിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിടുന്നുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് ഹനിക്കപ്പെടുന്നത്. ഇത്തരം ആക്രമണ ആഹ്വാന പ്രസംഗങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഒരു സ്ഥിരം സമിതിയെ നിയോഗിക്കണമെന്നും മുന്‍ ജഡ്ജിമാരായ പി.ബി. സാവന്ത്, ബി.ജി. കോല്‍സേ പാട്ടീല്‍, രജീന്ദര്‍ സച്ചാര്‍, ഹോസ്ബെറ്റ് സുരേഷ്, പ്രമുഖ ശാസ്ത്രജ്ഞന്‍ പി.എം. ഭാര്‍ഗവ, ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്ന ജൂലിയോ റിബേറോ, എസ്.എം. മുഷ്രിഫ് തുടങ്ങിയവര്‍ ഒപ്പുവെച്ച് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ രാംശങ്കര്‍ കതേരിയ, വി.കെ. സിങ്, മുഖ്താര്‍ അബ്ബാസ് നഖ്വി, സാധ്വി നിരഞ്ജന്‍ ജ്യോതി, ഗിരിരാജ് സിങ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, എം.പിമാരായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ റിപ്പോര്‍ട്ടും ശബ്ദരേഖകളും സീഡിയിലാക്കി സമര്‍പ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
