രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ മോദി തടയണമെന്ന് ആമിർ ഖാൻ
text_fieldsന്യൂഡൽഹി: ഇന്ത്യ സഹിഷ്ണുതയുടെ രാജ്യമാണെന്നും എന്നാൽ വിദ്വേഷം വളർത്തുന്നവർ ഇവിടെയുണ്ടെന്നും ബോളിവുഡ് നടൻ ആമിർ ഖാൻ. ഈ ആളുകളെ അത്തരം പ്രവർത്തനങ്ങളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടയണമെന്നും ആമിർഖാൻ പറഞ്ഞു. ഇന്ത്യാ ടിവി ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആമിർ. നേരത്തെ ഇന്ത്യയിൽ അസഹിഷ്ണുത നിലനിൽക്കുന്നുവെന്ന് ആമിർഖാൻ പറഞ്ഞത് വാർത്തകളിൽ നിറഞ്ഞിരുന്നു.
ഈ രാജ്യം വിഭജിക്കണമെന്ന് പറയുന്നവരുടെ കൂട്ടത്തിൽ എല്ലാ മതസ്ഥരുമുണ്ട്. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. നമുക്ക് ഇക്കാര്യങ്ങൾ അദ്ദേഹത്തോട് പറയാം. മോദിക്ക് മാത്രമേ അവരെ തടയാൻ സാധിക്കൂ. നീതിന്യായ വ്യവസ്ഥയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിന്നുമാണ് നമുക്ക് സുരക്ഷ ലഭിക്കുന്നത്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ആരും നിയമത്തിന് അതീതരല്ല. എന്നാൽ ചിലയാളുകൾ വിദ്വേഷം പ്രചരിപ്പിക്കുകയാണ്.
ഇന്ത്യ അസഹിഷ്ണുത രാജ്യമാണ് എന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല. രാജ്യത്ത് അരക്ഷിതാവസ്ഥയും അസഹിഷ്ണുതാന്തരീക്ഷവും വളരുന്നു എന്നാണ് പറഞ്ഞത്. അസഹിഷ്ണുത വളരുന്നുണ്ട് എന്ന് പറയുന്നതും ഇന്ത്യ അസഹിഷ്ണത രാജ്യമാണ് എന്ന് പറയുന്നതും രണ്ടാണ്. തൻെറ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
സർക്കാർ ഒഴിവാക്കിയാലും ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി തുടരും. എനിക്ക് ഇന്ത്യ അമ്മയാണ്. അതൊരു ബ്രാൻഡല്ല. എൻെറ അമ്മയെ എനിക്ക് ഒരു ബ്രാൻഡായി കാണാൻ സാധിക്കില്ല. മറ്റുള്ളവർക്ക് അങ്ങനെയായിരിക്കാം, എനിക്കല്ല. പത്ത് വർഷം ഞാൻ ഇൻക്രഡിബ്ൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി. ഇത്തരം പൊതുസേവന കാമ്പയിനുകൾക്ക് ഇതുവരെ താൻ ഒരു നയാപൈസപോലും സർക്കാറിൽ നിന്ന് പ്രതിഫലം പറ്റിയിട്ടില്ല.
രാജ്യത്ത് നടക്കുന്ന അക്രമണങ്ങളുടെ വാർത്തകൾ കൊടുക്കാതിരിക്കാൻ വാർത്താ ചാനലുകൾ ശ്രമിക്കണം. ഇത് സാധാരണക്കാരിൽ ഭീതിയുണ്ടാക്കുമെന്നും ആമിർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
