വാഷിങ്ടൺ: ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഈ വർഷം അവസാനത്തിനുള്ളിൽ ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്ന് അമേരിക്ക. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായി അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
എന്നാല്‍ സോളില്‍ ചേര്‍ന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഇന്ത്യയെ ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ എത്തിക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങളുമായി സജീവചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വ വിഷയത്തില്‍ തീരുമാനമാക്കാതെയാണ് സോളില്‍ ചേര്‍ന്ന പ്ലീനറി യോഗം പിരിഞ്ഞത്. യോഗത്തില്‍ ഇന്ത്യയുടെ അംഗത്വത്തെ ചൈന എതിർത്തിരുന്നു. 48 അംഗ ഗ്രൂപ്പില്‍ 38 രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചെങ്കിലും ചൈനയടക്കം പത്ത് രാജ്യങ്ങള്‍ എതിർപ്പുമായി രംഗത്തെത്തി.