പാരിസ്: കാലാവസ്ഥാ വ്യതിയാനം കുറച്ചു കൊണ്ട് വരുന്നതിന് പാരീസിൽ ഒപ്പുവെച്ച കരാറിന് അംഗീകാരം നൽകുന്നത് വൈകിപ്പിക്കുമെന്ന് ഇന്ത്യ. ആണവ ദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യക്ക് അനുകൂലമായ നടപടിയുണ്ടായാൽ പാരീസ് ഉടമ്പടി ഒപ്പു വെക്കാമെന്നാണ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
എൻ.എസ്.ജി അംഗത്വ നീക്കത്തിൽ അവസാന വാതിലും അടഞ്ഞതോടെയാണ് ഇന്ത്യ തന്ത്രപരമായ നിലപാട് സ്വീകരിച്ചത്. പാരിസ് കരാർ നടപ്പാക്കേണ്ടത് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുടെ മുഖ്യ അജണ്ടയാണെന്നിരിക്കെ ഇന്ത്യയുടെ പ്രസ്താവന അമേരിക്കക്കും വിലങ്ങുതടിയാവും.
രണ്ട് ദിവസം മുമ്പ് ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന എൻ.എസ്.ജി അംഗ രാജ്യങ്ങളുടെ പ്ലീനറി സമ്മേളനത്തിൽ ഇന്ത്യയുടെ നീക്കത്തെ 38 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ചൈന, ഒാസ്ട്രിയ, ന്യൂസിലൻഡ്, തുർക്കി, ദക്ഷിണാഫ്രിക്ക, അയർലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ എതിർത്തിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ (എൻ.പി. ടി) ഒപ്പിടാത്തത് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം നൽകരുതെന്നാണ് ചൈന അടക്കമുള്ളവരുടെ വാദം.