സെൽഫിയെടുത്തും പാട്ടുപാടിയും നൃത്തം ചെയ്തും ഒരു വിധവാ ദിനാഘോഷം
text_fieldsകൊൽക്കത്ത: വിക്ടോറിയ മെമ്മോറിയലിൽ രാവിലെ നടക്കാനിറങ്ങിയവർ അസാധാരണമായ ഒരു കാഴ്ച കണ്ട് അന്തംവിട്ട് നിന്നു. ശുഭ്രവവസ്ത്രധാരിണികളായ 33 സ്ത്രീകൾ കേൾക്കാൻ അത്രയൊന്നും ഇമ്പമില്ലാത്ത ശബ്ദത്തിൽ പാട്ടുപാടുന്നു, നൃത്തം ചെയ്യുന്നു, സെൽഫിയെടുക്കുന്നു. തങ്ങൾക്കും സന്തോഷിക്കാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാരണാസി വൃന്ദാവനിലെ വിധവകൾ ഇത്തവണ അന്താരാഷ്ട്ര വിധവാ ദിനം ആഘോഷിച്ചതിങ്ങനെയാണ്.
2010 മുതലാണ് ഐക്യരാഷ്ട്ര സംഘടന ജൂൺ 23 വിധവാദിനമായി ആചരിക്കാൻ തുടങ്ങിയത്. ഉറ്റവരോ ഉടയവരോ ഇല്ലാത്ത നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ വിധവകൾക്ക് വേദനകൾ മറന്ന് സന്തോഷിക്കാൻ ഒരു ദിനം.

വിധവകളുടെ ഈ കൂട്ടത്തിൽ പലർക്കും മക്കളുണ്ട്. രണ്ട് ആൺമക്കളുള്ള തരുലതാദാസിനോട് അവരുടെ കൂടെ പൊയ്ക്കൂടേ എന്ന ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം. 'അവർക്കുവേണ്ടി ഞാൻ പ്രാർഥിക്കും. വയസ്സാകുമ്പോൾ അവരുടെ മക്കൾ അവരെ സംരക്ഷിക്കണേ എന്നാണ് ഞാൻ പ്രാർഥിക്കുക' തരുലത പറഞ്ഞു.
മറ്റൊരു വിധവയായ സത്യഭാമ മക്കൾ സംരക്ഷിക്കാത്തതിന് കുറ്റപ്പെടുത്തുന്നത് മാതാപിതാക്കളെ തന്നെയാണ്. 'സ്വന്തം മാതാവ് ഭാരമായാണ് മക്കൾക്ക് തോന്നുന്നതെങ്കിൽ നാം നമ്മുടെ മക്കളെ വളർത്തിയത് ശരിയായ രീതിയിലല്ല എന്നാണ് അർഥം' സത്യഭാമ പറഞ്ഞു.
ഡോ.ബിന്ദേശ്വർ പഥക് നേതൃത്വം നൽകുന്ന സുലഭ് ഇന്‍റർനാഷണൽ എന്ന സംഘടനയാണ് ഈ വിധവകളെ സംരക്ഷിക്കുന്നത്. വൃന്ദാവൻ, വാരണാസി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഏകദേശം ആയിരത്തോളം വിധവകളെ സുലഭ് സംരക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
