റെയില്‍വേ സബ്സിഡിയിലും കൈവെക്കുന്നു
text_fieldsന്യൂഡല്‍ഹി: റെയില്‍വേ യാത്രാ-ചരക്ക് നിരക്കും റിസര്‍വേഷന്‍-കാന്‍സലേഷന്‍ ചാര്‍ജും വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ യാത്രാ സബ്സിഡിയില്‍ കൈവെക്കാനൊരുങ്ങുന്നു. പാചകവാതക സബ്സിഡി ഉപഭോക്താക്കളെക്കൊണ്ട് സ്വമേധയാ ഒഴിവാക്കിച്ച രീതി യാത്രക്കാരിലും അനുവര്‍ത്തിക്കാനാണ് ആലോചന. ഇതിനുമുന്നോടിയായി ഒരു യാത്രക്ക് റെയില്‍വേക്ക് വരുന്ന ചെലവും യാത്രക്കാര്‍ക്ക് ലഭിക്കുന്ന സബ്സിഡി ആനുകൂല്യവും പരസ്യപ്പെടുത്താന്‍ പ്രധാനമന്ത്രി റെയില്‍വേക്ക് നിര്‍ദേശം നല്‍കി. ആഗസ്റ്റിനുമുമ്പ് ഈ പട്ടിക തയാറാക്കാനാണ് നിര്‍ദേശം.
യാത്രാക്കൂലി ഇനത്തില്‍ പ്രതിവര്‍ഷം 30,000 കോടി രൂപ റെയിവേക്ക് ബാധ്യതയുണ്ടെന്നും യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കാന്‍ കഴിയുന്നവര്‍ സബ്സിഡി വേണ്ടെന്നു വെക്കണമെന്നും ആവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിനുശേഷം കേന്ദ്രം കാമ്പയിന്‍ ആരംഭിക്കും.
സാധാരണ യാത്രക്ക് നല്‍കുന്ന സബ്സിഡിക്ക് പുറമെ, വയോധികര്‍, ഭിന്നശേഷിക്കാര്‍, ജനപ്രതിനിധികള്‍, സൈനികര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ജേതാക്കള്‍ തുടങ്ങിയവര്‍ക്ക് യാത്രാക്കൂലിയില്‍ വീണ്ടും ഇളവുണ്ട്. ഇളവു ലഭിക്കുന്നവരുടെ പട്ടിക ചുരുക്കണമെന്ന് റെയില്‍വേ നവീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച പാനലുകള്‍ നിര്‍ദേശിച്ചിരുന്നു.
ഇതിനുപുറമെ ആശുപത്രികള്‍ തുടങ്ങിയ സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്ന് പിന്മാറണമെന്നും നിര്‍ദേശിച്ചിരുന്നു. ജനങ്ങള്‍ക്ക് താങ്ങാവുന്ന ചെലവില്‍ കഴിയുന്നത്ര വേഗം സുഗമമായി സഞ്ചരിക്കാവുന്ന സേവനം എന്നതുമാറ്റി ലാഭകരമായ വ്യവസായ സംരംഭമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള പരിഷ്കരണ നീക്കങ്ങളാണ് ഒരുങ്ങുന്നത്. വര്‍ഷാവര്‍ഷം റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്നും നിതി ആയോഗ് നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
