Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്‌ ബന്ധം...

കോൺഗ്രസ്‌ ബന്ധം സി.പി.എമ്മിനെ വേട്ടയാടുന്നു

text_fields
bookmark_border
കോൺഗ്രസ്‌ ബന്ധം സി.പി.എമ്മിനെ വേട്ടയാടുന്നു
cancel

സി.പി.എമ്മിന്‍റെ ചരിത്രത്തിലാദ്യമായി കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങി വന്നു ഒരു മുതിർന്ന അംഗം രാജി പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളിലെ കോൺഗ്രസ്‌ ബന്ധം പാർട്ടിയെ പിടിച്ചുലച്ചതിന്‍റെ ആഴം ബോധ്യമായിക്കഴിഞ്ഞു. തൊലിപ്പുറ ചികിത്സയിലൂടെ ബംഗാൾ പ്രശ്നം ഒതുക്കി തീർക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തുന്ന ശ്രമങ്ങൾക്കാണ് ഹരിയാനയിൽ നിന്നുള്ള സി സി അംഗം ജഗ്മതി സ്വംഗാളിന്‍റെ രാജിയോടെ തിരിച്ചടിയേറ്റത് . പാർട്ടി നയങ്ങൾക്ക് എതിരെ പ്രവർത്തിച്ച ബംഗാൾ ഘടകം സെക്രട്ടറി സൂര്യകാന്ത് മിശ്ര അടക്കം നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യത്തോട് യെച്ചൂരി അടക്കം സ്വീകരിക്കുന്ന വിരുദ്ധ നിലപാടാണു കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ രാജിക്ക് കാരണമായത്.
 

ജഗ്മതി സ്വംഗാൾ
 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിമിതമായ തെരഞ്ഞെടുപ്പു ധാരണ കോൺഗ്രസുമായി ഉണ്ടാക്കാനാണ് കേന്ദ്ര കമ്മിറ്റി ബംഗാൾ ഘടകത്തിന് അനുമതി കൊടുത്തത്. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച നയരേഖ പ്രകാരം ബി.ജെ.പിയുമായോ കോൺഗ്രസുമായോ രാഷ്ട്രീയ സഖ്യം പാടില്ല. പാർട്ടി ഒറ്റക്ക് നിന്ന് തൃണമൂൽ കോൺഗ്രെസിനെ നേരിടാൻ കഴിയില്ലെന്നും കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണക്ക് അനുമതി വേണമെന്നും ബംഗാൾ നേതാക്കൾ സി.സിയിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ ഏറെ കൂടിയാലോചനക്ക് ശേഷമാണ് പാർട്ടി നയത്തിൽ നിന്ന് വ്യതിചലിക്കാതെയുള്ള ധാരണക്ക് അനുമതി കൊടുത്തത്. കോൺഗ്രസുമായി ഒരു തരത്തിലും ധാരണ പാടില്ലെന്നും കേരളത്തിൽ പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുമെന്നും കേരള നേതാക്കൾ ശക്തിയുക്തം വാദിച്ചിട്ടും യെച്ചൂരിയുടെ പിൻബലത്തിൽ ബംഗാൾ ഘടകം അനുമതി നേടിയെടുത്തു. എന്നാൽ തെരഞ്ഞെടുപ്പിൽ പാർട്ടി നയങ്ങളെല്ലാം കാറ്റിൽ പറത്തി ബംഗാൾ ഘടകം കോൺഗ്രസിനൊപ്പം ഒരു മുന്നണിയെന്ന പ്രതീതി സൃഷ്ടിച്ചു. ഒരുമിച്ചുള്ള പൊതു യോഗങ്ങൾ മാത്രമല്ല. പാർട്ടി പതാകകൾ കൂട്ടിക്കെട്ടുക കൂടി ചെയ്തതോടെ കയ്യരിവാൾ സഖ്യമായി അത് അറിയപ്പെട്ടു. ഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിനു വൻ വിജയവും സി.പി.എമ്മിന് വലിയ തിരിച്ചടിയുമായി. 293 അംഗ നിയമസഭയിൽ സി.പി.എമ്മിന് കിട്ടിയത് 26 സീറ്റാണ്. സി.പി.ഐക്ക് ഒരു സീറ്റും. കോൺഗ്രസ്സിനാകട്ടെ, 44 സീറ്റ് കിട്ടി. അതായത് സി.പി.എം ബന്ധം കോൺഗ്രസിനു തുണയായി. 2016 ൽ നടന്നില്ലെങ്കിലും 2021ലെങ്കിലും ഭരണത്തിൽ എത്താൻ കഴിയുമെന്ന സി.പി.എം പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി .
കഴിഞ്ഞ മാസം ചേർന്ന പി.ബി- സി.സി യോഗങ്ങളിൽ ബംഗാൾ പ്രശ്നം ചർച്ചക്ക് വന്നെങ്കിലും വിശദമായ ചർച്ച ജൂണിലേക്ക് മാറ്റി വെച്ചതായിരുന്നു. അതനുസരിച്ച് ചർച്ച ചെയ്തപ്പോൾ ബംഗാളിൽ നിന്നുള്ള നേതാക്കൾ ഒറ്റക്കെട്ടായി കോൺഗ്രസ്‌ ബന്ധത്തെ ന്യായീകരിച്ചു. കേരളം അടക്കം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ബംഗാൾ ഘടകത്തിന് എതിരെ അച്ചടക്ക നടപടി എടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.

തെരഞ്ഞെടുപ്പിൽ ജയിച്ചു ഭരണത്തിൽ വരാനല്ല, സംസ്ഥാനത്ത് സി.പി.എം പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് കോൺഗ്രസിനൊപ്പം കൂടിയതെന്നാണ് ബംഗാൾ നേതാക്കൾ തുറന്നടിച്ചത്. തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകരിൽ നിന്ന് സി.പി.എം കേഡറുകൾ തുടർച്ചയായി ആക്രമണം നേരിടുകയാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളിൽ നിരവധി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പാർട്ടി ഓഫീസുകൾ നിരന്തരം ആക്രമിക്കുന്നു. സി.പി.എം 33 കൊല്ലം ഭരിച്ച സംസ്ഥാനത്ത് പാർട്ടി പ്രവർത്തകർ ജീവനിൽ ഭയന്നാണ് കഴിയുന്നത്‌. ഇത്തരമൊരു അവസ്ഥയിൽ കോൺഗ്രസ്‌ ബന്ധം തുടരാതെ പറ്റില്ലെന്നും അവർ വാദിച്ചു. ബംഗാളിലെ സ്ഥിതി അസാധാരണമാണ്. അവിടെ തനിച്ചു നിൽക്കാൻ കഴിയില്ല. ഒറ്റക്ക് നിന്നാൽ പാർട്ടി ഇല്ലാതാകും. പാർട്ടിക്കാർക്ക് ആത്മവിശ്വാസം നൽകാൻ കഴിയണം. സഖാക്കൾ ഇല്ലാതെ പിന്നെ എന്തിനാണ് പാർട്ടിയെന്നും ഗൗതംദേവ് , ശ്യാമൾ ചക്രവർത്തി എന്നീ സി സി അംഗങ്ങൾ ചോദിച്ചു.  കേരളം അടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ  ഈ നിലപാട് അംഗീകരിക്കാൻ തയാറായില്ല. കോൺഗ്രസ്‌ ബന്ധം പാർട്ടിയെ നാണം കെടുത്തിയെന്നും പാർട്ടിക്ക് മുഖം നഷ്ടപ്പെട്ടെന്നും അവർ പറഞ്ഞു.   ബംഗാൾ നേതൃത്വത്തെ പരസ്യമായി ശാസിക്കണമെന്നും ചിലർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും പൊതുവിൽ ആവശ്യമുയർന്നു. എന്നാൽ, സി.സി അംഗീകരിക്കുന്ന പ്രമേയത്തിൽ ബംഗാൾ ഘടകത്തിന് എതിരായ വിമർശം ഉൾപ്പെടുത്തി പ്രശ്നം ലഘൂകരിക്കണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. ബംഗാളിലെ അസാധാരണ സ്ഥിതിവിശേഷം കാണാതിരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റിയിൽ ഇത് സംബന്ധിച്ച് ചൂടേറിയ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിലാണ് ജഗ്മതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതും മാധ്യമങ്ങൾക്ക് മുന്നിൽ രാജി പ്രഖ്യാപിച്ചതും. സി പി എമ്മിനെ ഞെട്ടിച്ച ഈ സംഭവത്തെ വികാരപരമായ നടപടി എന്നാണ് പാർട്ടി നേതൃത്വം വിശേഷിപ്പിച്ചത്‌.

കേന്ദ്രകമ്മിറ്റിക്ക് ശേഷം ചേരുന്ന പി.ബി യോഗത്തിൽ കോൺഗ്രസ്‌ ബന്ധത്തിന്റെ പേരിലുള്ള നടപടി തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെച്ചൂരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ടും ഈ വിഷയത്തിൽ രണ്ടു ധ്രുവങ്ങളിലാണ് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm -congress
Next Story