മഥുര സംഘര്‍ഷം: മുസ്ലിം ജഡ്ജിയെ അന്വേഷണത്തിന് നിയമിച്ചതിനെതിരെ നല്‍കിയ ഹരജി കോടതി തള്ളി
text_fieldsഅലഹബാദ്: രണ്ട് പൊലീസുകാരടക്കം നിരവധിപേര്‍ കൊല്ലപ്പെട്ട മഥുര സംഭവം അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ഇംതിയാസ് മുര്‍തസയെ നിയമിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി അലഹബാദ് ഹൈകോടതി തള്ളി. പ്രശസ്തിക്കുവേണ്ടി ബാലിശമായ കാര്യങ്ങളുന്നയിച്ച് ഹരജി ഫയല്‍ ചെയ്ത ബി.ജെ.പി വക്താവ് കൂടിയായ ഇന്ദ്രപാല്‍ സിങ്ങിന് കോടതി 25,000 രൂപ പിഴയും വിധിച്ചു. ഹിന്ദുധര്‍മത്തില്‍ വിവരമുള്ളയാളെ നിയമിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അശോക് പാണ്ഡെക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മഥുരയിലെ ജവഹര്‍ ബാഗില്‍ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ നേതാവ് രാം വൃക്ഷ് യാദവിന്‍െറ നേതൃത്വത്തില്‍ നടത്തിയ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ മാസം രണ്ടിനുണ്ടായ സംഭവത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം അന്വേഷിക്കാനാണ് റിട്ട. ജഡ്ജി ഇംതിയാസ് മുര്‍തസയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
