ശിക്ഷാവിധി വരുന്ന ആറാമത്തെ സുപ്രധാന കേസ്: വധശിക്ഷ നല്‍കിയത് ഗോധ്ര കേസില്‍ മാത്രം
text_fieldsന്യൂഡല്‍ഹി: ഗോധ്ര സംഭവവും അതിനെ തുടര്‍ന്നുണ്ടായ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുനേരെയുണ്ടായ ആസൂത്രിത വംശഹത്യയും കോടതികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 14 വര്‍ഷം കഴിഞ്ഞു. 2007ല്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് കേസുകള്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(എസ്.ഐ.ടി) ഏറ്റെടുക്കുന്നത്. മനസ്സാക്ഷി മരവിക്കുന്നത്ര ഭീകരമായ സംഭവങ്ങളിലെ പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിച്ചെന്നത് വളരെ ആകാംക്ഷയോടെയാണ് രാജ്യവും ലോകവും വീക്ഷിച്ചത്. അതിലുപരി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയെക്കുറിച്ച് പ്രതീക്ഷയും നിരാശയും സമ്മാനിച്ചാണ് ഒരോ വിധിയും കടന്നുപോയത്. ഗുജറാത്ത് കേസുകളിലെ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന ആറാമത്തെ സുപ്രധാന കേസാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല. മുമ്പ് വിധിവന്ന കേസുകള്‍:
നരോദപാട്യ കൂട്ടക്കൊല:
ന്യൂനപക്ഷ സമുദായത്തില്‍പെട്ട 97 പേരെ ക്രൂരമായി കൊലപ്പെടുത്തിയ നരോദപാട്യ കേസില്‍ 2012 ആഗസ്റ്റ് 31ന് പ്രത്യേക കോടതി ശിക്ഷവിധിച്ചു. കുറ്റക്കാരെന്ന് കണ്ടത്തെിയ 32 പേരില്‍ മുന്‍ ഗുജറാത്ത് മന്ത്രിയായ മായ കൊട്നാനിക്ക് 28 വര്‍ഷം കഠിനതടവ്, ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിക്ക് മരണംവരെ തടവ്, ബാക്കിയുള്ളവരില്‍ ഏഴുപേര്‍ക്ക് 21 വര്‍ഷം കഠിനതടവും 22പേര്‍ക്ക് 14 വര്‍ഷത്തെ ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. കേസില്‍ 29 പേരെ കോടതി വിട്ടയച്ചു.
സര്‍ദാര്‍പുര കൂട്ടക്കൊല
സ്ത്രീകളെയും കുട്ടികളെയുമടക്കം 33 പേരെ ചുട്ടുകൊന്ന സര്‍ദാര്‍പുര കൂട്ടക്കൊലക്കേസില്‍ 31പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. പ്രത്യേക അതിവേഗ കോടതി 2011 നവംബറിലാണ് ശിക്ഷ വിധിച്ചത്. പ്രതികളായ 73പേരില്‍ 42 പേരെ കോടതി കുറ്റമുക്തരാക്കി. ഇവരില്‍ 31പേരെ സംശയത്തിന്‍െറ ആനുകൂല്യത്തിലാണ് വിട്ടയച്ചത്.
ബില്‍ക്കീസ് ബാനു കേസ്
ബില്‍ക്കീസ് ബാനുവിനെയും കുടുംബാംഗങ്ങളെയും കൂട്ടബലാത്സംഗം ചെയ്യുകയും 16 പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസില്‍ 11 പ്രതികള്‍ക്ക് മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം നല്‍കി. 2008 ജനുവരി ഒന്നിനാണ് ശിക്ഷവിധിച്ചത്. 20 പ്രതികളില്‍ 13 പേരാണ് കുറ്റവാളികളെന്ന് കോടതി കണ്ടത്തെിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിന് കുറ്റക്കാരനെന്ന് കണ്ടത്തെിയ എ.എസ്.ഐക്ക് മൂന്നുവര്‍ഷം തടവും വിധിച്ചു. കുറ്റവാളിയെന്ന് കണ്ടത്തെിയവരില്‍ ഒരാള്‍ വിചാരണക്കിടെ മരിച്ചു.
ബെസ്റ്റ് ബേക്കറി കേസ്:
വഡോദരയിലെ ബെസ്റ്റ് ബേക്കറി തീവെച്ച് 14 പേരെ ചുട്ടുകൊന്ന കേസില്‍ പ്രതികളായ 21 പേരില്‍ ഒമ്പത് പേര്‍ക്ക് മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചു. എട്ടുപേരെ കേസില്‍ വെറുതെവിട്ടു. നാലുപേരെ പൊലീസിന് പിടികൂടാനായില്ല. 2006 ഫെബ്രുവരിയിലാണ് കേസില്‍ വിധിവന്നത്. ഈ കേസില്‍ വഡോദരയിലെ വിചാരണക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടിരുന്നു. പിന്നീട് ഹൈകോടതിയും വിധി ശരിവെച്ചു. തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമീഷനും മറ്റും സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുനര്‍വിചാരണ ഗുജറാത്തിനു പുറത്ത്, മുംബൈയിലേക്ക് മാറ്റുന്നത്.കേസില്‍ പ്രധാന സാക്ഷിയായിരുന്ന സാഹിറ ശൈഖ് കൂറുമാറല്‍ വിവാദങ്ങളുണ്ടാക്കി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. കോടതിയലക്ഷ്യക്കേസില്‍ ഇവര്‍ക്ക് ഒരുവര്‍ഷം ജയില്‍ ശിക്ഷയും ലഭിച്ചു.
ഗോധ്ര തീവെപ്പ് കേസ്:
അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച ട്രെയിന്‍ ഗോധ്ര സ്റ്റേഷനില്‍ തീവെച്ച് 59 പേര്‍ കൊല്ലപ്പെട്ട കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. മറ്റു 63 പേരെ വെറുതെവിട്ടു. കേസില്‍ വിധി വന്നെങ്കിലും തീപടരാനുണ്ടായ കാരണം അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടത്തൊനായില്ല. ജസ്റ്റിസ് ബാനര്‍ജി കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ആസൂത്രിതമല്ളെന്നും തുടര്‍ന്ന് ജസ്റ്റിസ് നാനാവതി കമീഷന്‍ അന്വേഷണത്തില്‍ സംഭവം ആസൂത്രിതമെന്നും കണ്ടത്തെിയിരുന്നു. ഗുജറാത്ത് സംഭവങ്ങളില്‍ വിധിവന്ന കേസുകളില്‍ വധശിക്ഷ നല്‍കിയ ഏക കേസാണിത്. 2011 മാര്‍ച്ചിലാണ് പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
