മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണം: ദലിത് നേതാവ് കീഴടങ്ങി
text_fieldsചെന്നൈ: സ്വകാര്യ സിദ്ധ മെഡിക്കല്‍ കോളജില്‍ മൂന്ന് വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്ന ദലിത് നേതാവ് കോടതിയില്‍ കീഴടങ്ങി. കോളജ് ഉടമകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ആദി ദ്രാവിഡം പുരട്ചി കഴകം അധ്യക്ഷന്‍ പേരു വെങ്കിടേഷന്‍ ബുധനാഴ്ച രാവിലെ ചെന്നൈ സൈദാപേട്ട് കോടതിയില്‍ അഭിഭാഷകനൊപ്പമാണ് എത്തിയത്. ഇയാള്‍ കോളജിലെ ജീവനക്കാരനായിരുന്നെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കോളജ് മാനേജ്മെന്‍റിനെതിരെ സമരം നടത്തിയ, മരിച്ച വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതോടെ ഏഴു പേര്‍ അറസ്റ്റിലായി. 36 പേരെ ചോദ്യം ചെയ്തുവരുന്നു. വില്ലുപുരം കല്ലകുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.വി.എസ് യോഗ ആന്‍ഡ് നാച്വറോപ്പതി സ്വകാര്യ മെഡിക്കല്‍ കോളജിലെ കിണറ്റില്‍ കഴിഞ്ഞ ആഴ്ച അവസാനമാണ് മൂന്ന് വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടത്തെിയത്. രണ്ടാം വര്‍ഷ നാച്വറോപ്പതി വിദ്യാര്‍ഥികളായ ഇ. ശരണ്യ (18), വി. പ്രിയങ്ക (18), ടി. മോനിഷ (19) എന്നിവരാണ് മരിച്ചത്. അമിത ഫീസും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് മരണകാരണമെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മോനിഷയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചു. കഴിഞ്ഞദിവസം വില്ലുപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വിശ്വാസമില്ളെന്ന് ചൂണ്ടിക്കാട്ടി മോനിഷയുടെ പിതാവ് എം. തമിഴരസന്‍ കോടതിയെ സമീപിച്ചിരുന്നു. ശരണ്യ, പ്രിയങ്ക എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ കാണാതായത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
വിദ്യാര്‍ഥിനികളുട മരണം കൊലപാതകമാണെന്ന് ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സഹപാഠികള്‍ ആരോപിച്ചു. മാനേജ്മെന്‍റിനെതിരായ സമരത്തില്‍ മൂന്നു പേരും നേതൃപരമായ പങ്ക് വഹിച്ചിരുന്നവരാണ്. ധീരമായ നിലപാടുകള്‍ സ്വീകരിച്ച മൂന്ന് വിദ്യാര്‍ഥിനികളും ആത്മഹത്യ ചെയ്യില്ളെന്ന് ഇവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.