മുസ്ലിംകളില്‍ ഭൂരിഭാഗവും മുഖ്യധാരാ ബാങ്കിങ്ങിന് പുറത്ത് –റിസര്‍വ് ബാങ്ക്
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിംകളില്‍ ഭൂരിഭാഗവും മുഖ്യധാരാ ബാങ്കിങ്ങിന് പുറത്താണെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തി. പുറത്തുനില്‍ക്കുന്ന ഈ വലിയൊരു വിഭാഗത്തെ ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍കൂടിയാണ് പലിശരഹിത ബാങ്കിങ് സംവിധാനം രാജ്യത്ത് തുടങ്ങണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും ശിപാര്‍ശകള്‍ക്കൊപ്പം റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാജ്യം കൈക്കൊള്ളേണ്ട ഇടക്കാല സാമ്പത്തിക നടപടികള്‍ക്കായുള്ള ദീപക് മൊഹന്തി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ക്കൊപ്പമാണ് അതിനാധാരമായ വിശദ റിപ്പോര്‍ട്ടും റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചത്. അതില്‍ അഞ്ചാം അധ്യായം പൂര്‍ണമായും പലിശരഹിത ബാങ്കിങ്ങിനായി നീക്കിവെച്ച റിപ്പോര്‍ട്ട് രാജ്യത്ത് അതനിവാര്യമാക്കുന്ന സാഹചര്യം വിശദമാക്കിയിട്ടുണ്ട്. പല മുസ്ലിംകള്‍ക്കും ദീര്‍ഘകാല ബാങ്കിങ് ഇടപാടുകള്‍ ഉണ്ടെങ്കിലും ബാങ്കുമായുള്ള പൊതു ഇടപാടുകള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ‘ശരീഅത്തി’ന് ഇണങ്ങുന്ന സാമ്പത്തിക ഇടപാടുകള്‍ അവരാഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ വന്നതെന്നും റിപ്പോര്‍ട്ട് തുടര്‍ന്നു.
പലിശ, ഊഹക്കച്ചവടം, ചൂതാട്ടം എന്നിവക്കുള്ള നിരോധവും നിക്ഷേപങ്ങള്‍ക്കുള്ള ധാര്‍മിക ചട്ടവും ധനത്തിന്‍െറ പുനര്‍വിതരണമായ സകാതുമാണ് പലിശരഹിത ബാങ്കിങ് വ്യവസ്ഥയുടെ അടിസ്ഥാനമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) റിപ്പോര്‍ട്ട് ഉദ്ധരിച്ച് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വിശദീകരിച്ചു. സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ വായ്പയായി കൊടുക്കുന്ന ബാങ്കുകളുടെ പതിവ് ധന ഇടപാടല്ല പലിശരഹിത ബാങ്കിങ്ങില്‍ നടക്കുന്നത്. മറിച്ച്, ലാഭ-നഷ്ട സാധ്യതകളുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിക്ഷേപം വിനിയോഗിക്കുകയാണ് ചെയ്യുന്നത്. ഓഹരി കമ്പോളത്തിലും വ്യാപാരത്തിലും പങ്കാളിത്തത്തിന് ഈ നിക്ഷേപമുപയോഗിക്കാറുണ്ട്.
ലോകമൊട്ടുക്കും നിരവധി വാണിജ്യബാങ്കുകള്‍ പലിശരഹിത ധനകാര്യ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത് ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിന് അത്തരം ഉല്‍പന്നങ്ങളിലുള്ള താല്‍പര്യംകൊണ്ടാണ്. ‘ശരീഅത്തി’ന് ഇണങ്ങിയ ഉല്‍പന്നങ്ങളില്‍ താല്‍പര്യമുള്ള അന്തര്‍ദേശീയ നിക്ഷേപകരെ ആകര്‍ഷിക്കാനും പല ബാങ്കുകളും ഈ മേഖലയിലേക്ക് കടക്കുന്നുണ്ട്.
പല ഏഷ്യന്‍ രാജ്യങ്ങളും ഈ മേഖലയിലേക്ക് തിരിഞ്ഞപ്പോഴും ഇന്ത്യ പലിശരഹിത ബാങ്കിങ്ങിനോട് തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. 2008ല്‍ ഡോ. രഘുറാം രാജന്‍െറ അധ്യക്ഷതയിലുള്ള ധനകാര്യ മേഖലയിലെ പരിഷ്കരണങ്ങള്‍ക്കായുള്ള കമ്മിറ്റി പലിശരഹിത ബാങ്കിങ് പഠിക്കണമെന്ന് പറഞ്ഞ ശേഷം മാത്രമാണ് ഈ ദിശയിലുള്ള ആലോചനകള്‍ തുടങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് ഇതു സംബന്ധിച്ച അന്നത്തെ കമ്മിറ്റി പ്രകടിപ്പിച്ച അഭിപ്രായവും ഉദ്ധരിച്ചു. അതിനാല്‍, രാജ്യത്തെ വാണിജ്യബാങ്കുകള്‍ പലിശരഹിത ജാലകം തുറക്കുന്നതിനുള്ള സാധ്യത പഠിക്കണം. അതിനായി ഒരു പൈലറ്റ് പ്രോജക്റ്റും തുടങ്ങാം. ഓരോ ബാങ്കിനും നിലവിലുള്ള ബ്രാഞ്ചുകള്‍ ഇതിനായി ഉപയോഗപ്പെടുത്തിയാല്‍ മതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
