പാകിസ്താന്‍ സമ്മതിച്ചു; നെഹല്‍ കസ്റ്റഡിയിലുണ്ട്
text_fieldsപെഷാവര്‍: മൂന്നു വര്‍ഷം മുമ്പ് കൂട്ടുകാരിയെ കാണാന്‍ പാകിസ്താനില്‍ പോയി കാണാതായ ഇന്ത്യന്‍ യുവാവ് സൈന്യത്തിന്‍െറ കസ്റ്റഡിയിലുണ്ടെന്ന് പാക് സര്‍ക്കാര്‍ വെളിപ്പെടുത്തി. പ്രതിരോധ മന്ത്രാലയത്തിനുവേണ്ടി ഡെപ്യൂട്ടി അറ്റോണി ജനറല്‍ മുസറത്തുല്ലയാണ് ഇക്കാര്യം പെഷാവര്‍ ഹൈകോടതിയില്‍ വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ സൈനിക കോടതിയില്‍ വിചാരണ നടക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
മുംബൈ സ്വദേശിയായ 28കാരനായ നെഹല്‍ ഹാമിദ് അന്‍സാരിയാണ് പാക് സൈന്യത്തിന്‍െറ തടവില്‍. എന്‍ജിനീയറായ ഇയാള്‍ 2012 നവംബറില്‍ അഫ്ഗാനില്‍ ജോലിതേടി പോയതാണെന്ന് ഇയാളുടെ മാതാവ് ഫൗസിയക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊഹാത്തിലെ പെണ്‍കുട്ടിയെ കാണാനായാണ് ഇയാള്‍ അഫ്ഗാന്‍ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് കടന്നത്. കൊഹാത്തിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ 2012 നവംബറില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് അറസ്റ്റുചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.
മുംബൈ പൊലീസിലും മുംബൈയിലെ അഫ്ഗാന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കിയ മാതാവ് തുടര്‍ന്ന് ഇസ്ലാമാബാദിലെ സുപ്രീംകോടതിയുടെ മനുഷ്യാവകാശ സെല്ലിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈ പരാതി കാണാതാകുന്നവരെക്കുറിച്ച് അന്വേഷിക്കുന്ന കമീഷന് സുപ്രീംകോടതി കൈമാറി. കമീഷന്‍ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുകയുമായിരുന്നു. ഈ കേസിലാണ് പ്രതിരോധ മന്ത്രാലയം നെഹല്‍ കസ്റ്റഡിയിലുണ്ടെന്ന് വെളിപ്പെടുത്തിയത്.
അതേസമയം, മോചനം ഉടന്‍ സാധ്യമാവില്ല. ഇയാള്‍ക്കെതിരെ എന്തുകുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നതെന്നത് കോടതിയില്‍ വെളിപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ വിശദീകരണം വന്നതോടെ കാണാതാകല്‍ കേസ് കോടതി അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
